CultureLIFEReligion

മൊസൂളില്‍ ഭീകരര്‍ തകര്‍ത്ത അതിപുരാതന സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്ന് ആറ് അമൂല്യ തിരുശേഷിപ്പുകള്‍ കണ്ടെടുത്തു

ബാഗ്ദാദ്:  ഭീകരര്‍ തകര്‍ത്ത ഇറാഖിലെ അതിപുരാതന പള്ളിയില്‍നിന്ന് അമൂല്യമായ തിരുശേഷിപ്പുകള്‍ കണ്ടെടുത്തു. ഐ.എസ്. ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട മൊസൂളിലെ മോര്‍ തോമ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്നാണ് അപ്പസ്‌തോലന്മാരുടേതടക്കം ആറ് അമൂല്യ തിരുശേഷിപ്പുകള്‍ കണ്ടെടുത്തത്.

അപ്പസ്‌തോലന്മാരായ യോഹന്നാന്‍, ശിമയോന്‍, ഉണ്ണിയേശുവിനെ കരങ്ങളിലെടുത്ത ശിമയോന്‍, രക്തസാക്ഷിയായ വിശുദ്ധ തിയഡോര്‍, തുര്‍ക്കിയിലെ തുര്‍അബ്ദീന്‍ ബിഷപ്പായിരുന്ന മോര്‍ ഗബ്രിയേല്‍, െദെവശാസ്ത്രജ്ഞനും സുറിയാനി ഭാഷാ പണ്ഡിതനുമായ മോര്‍ ഗ്രിഗോറിയോസ് ബാര്‍ ഹെബ്രാവൂസ് എന്നിവരുടേതാണ് ഈ തിരുശേഷിപ്പുകളെന്നു കരുതപ്പെടുന്നു.

പള്ളിയുടെ പുനരുദ്ധാരണ നടത്തുന്ന തൊഴിലാളികളാണ് അമൂല്യ തിരുശേഷിപ്പുകളുടെ വീണ്ടെടുപ്പിനു വഴിയൊരുക്കിയത്. പള്ളിഭിത്തിയുടെ ചില ഭാഗങ്ങളില്‍ എന്തോ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന സംശയത്തില്‍ അക്കാര്യം ഉടന്‍തന്നെ അവര്‍ മൊസൂളിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത മോര്‍ നിക്കോദിമോസ് ഷറഫിനെയും മറ്റ് സഭാ നേതാക്കളെയും അറിയിക്കുകയായിരുന്നു.

തുടര്‍ന്നു മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ നടത്തിയ ശ്രമകരമായ പരിശോധനയിലാണു തിരുശേഷിപ്പുകള്‍ വീണ്ടെടുത്തത്. ചെറിയ കല്‍പേടകങ്ങളിലാക്കി, പള്ളിയിലെ ഭിത്തികളുടെയും തൂണുകളുടെയും ഉള്ളില്‍ ഭദ്രമായി അടക്കം ചെയ്ത നിലയിലായിരുന്നു തിരുശേഷിപ്പുകള്‍.

 

ഇതോടൊപ്പം അറമായ, സുറിയാനി ഭാഷകളില്‍ എഴുതിയ ആറു ചുരുളുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഫടികക്കുപ്പികള്‍ക്കുള്ളില്‍ അടക്കംചെയ്ത നിലയിലായിരുന്നു ചുരുളുകള്‍. അടക്കം ചെയ്ത തിരുശേഷിപ്പ് ആരുടേതാണെന്നു തിരിച്ചറിയാന്‍ കല്‍പേടകങ്ങള്‍ക്കുപുറത്തു പേരുകളും കൊത്തിവച്ചിരുന്നു.

മൂന്നാം നൂറ്റാണ്ടിലെ രക്തസാക്ഷിയായ വിശുദ്ധ തിയോഡോറിന്റെ അസ്ഥി കഷണങ്ങള്‍ അടങ്ങിയ പേടകമാണു ആദ്യം കണ്ടെടുത്തത്. ആ പേടകത്തില്‍ എഴുതിയിരുന്ന പേരു വായിച്ചുകൊണ്ട് അതില്‍ ചുംബിച്ചു വികാരനിര്‍ഭരനായി മെത്രാപ്പോലീത്ത ആ തിരുശേഷിപ്പുകള്‍ അവിടെയുണ്ടായിരുന്നവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്നാണു മറ്റു തിരുശേഷിപ്പുകള്‍ പള്ളിയുടെ വിവിധ ഭാഗങ്ങളില്‍നിന്നു വീണ്ടെടുത്തത്.

തിരുശേഷിപ്പുകള്‍ കണ്ടെത്തിയ വിവരം ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അന്തോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയെ തത്സമയം വീഡിയോകോളിലൂടെ അറിയിച്ചു.

മോര്‍ തോമ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് 1500 വര്‍ഷത്തെ പഴക്കമുണ്ട്. ഇതില്‍ ഏതു കാലഘട്ടത്തിലാണു തിരുശേഷിപ്പുകള്‍ പള്ളി ഭിത്തിക്കുള്ളില്‍ അടക്കം ചെയ്തതെന്നു വ്യക്തമല്ല. ആക്രമണങ്ങളില്‍നിന്നു സംരക്ഷിക്കാന്‍ വേണ്ടി തിരുശേഷിപ്പുകള്‍ പള്ളി ഭിത്തികള്‍ക്കുള്ളില്‍ ഭദ്രമാക്കുകയായിരുന്നു എന്നാണ് അനുമാനം.

ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ ഇറാഖില്‍നിന്നു കണ്ടെത്തിയതു ചരിത്രപരമായി ഏറെ ശ്രദ്ധേയമാണ്. ഇറാഖിന്റയും മധ്യപൂര്‍വ ദേശത്തിന്റെയും ചരിത്രവുമായുള്ള ക്രൈസ്തവ പാരമ്പര്യത്തിന്റെ ആഴമേറിയ വേരുകള്‍ വ്യക്തമാക്കുന്നതാണു കണ്ടെത്തല്‍.

Back to top button
error: