യുവതിയുടെ അശ്ലീലചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുനല്‍കി; മുന്‍ സഹപ്രവര്‍ത്തകന്‍ പിടിയില്‍

ബെംഗളൂരു: യുവതിയുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ മുന്‍ സഹപ്രവര്‍ത്തകന്‍ പിടിയില്‍. ബെംഗളൂരു ശ്രീ നഗര്‍ സ്വദേശി എന്‍. വിനോദി(28)നെയാണ് യുവതിയുടെ പരാതിയില്‍ ഹനുമന്തനഗര്‍ പോലീസ് പിടികൂടിയത്. നേരത്തെ ഒരുമിച്ച് ജോലിചെയ്തിരുന്ന വിനോദ്, തന്റെ അശ്ലീലചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുനല്‍കിയെന്നായിരുന്നു യുവതിയുടെ പരാതി.

മൂന്നുവര്‍ഷത്തോളമാണ് പ്രതിയും യുവതിയും ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നത്. ഇരുവരും സൗഹൃദത്തിലായിരിക്കെ വിനോദ് യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തി. യുവതി ഇത് നിരസിച്ചു. ഇതോടെ വിനോദ് യുവതിയെ നിരന്തരം ശല്യം ചെയ്തു. തുടര്‍ന്ന് 2021-ല്‍ യുവതി ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ പോലീസ് യുവാവിനെ വിളിച്ചുവരുത്തുകയും താക്കീത് നല്‍കി വിട്ടയക്കുകയുമായിരുന്നു.

അടുത്തിടെയാണ് മറ്റൊരാളുമായി പരാതിക്കാരിയുടെ വിവാഹം ഉറപ്പിച്ചത്. യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വിവരമറിഞ്ഞതോടെ വിനോദ് പ്രതിശ്രുത വരന്റെ വിവരങ്ങള്‍ ശേഖരിക്കുകയും യുവതിയുടെ അശ്ലീലചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുനല്‍കുകയുമായിരുന്നു. ഇക്കാര്യമറിഞ്ഞ പരാതിക്കാരി ജൂണ്‍ എട്ടാം തീയതി വിനോദിനെ നേരില്‍ക്കണ്ട് ചോദ്യംചെയ്തു. അപ്പോഴും യുവതിയെ വിവാഹം കഴിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. സമ്മതിച്ചില്ലെങ്കില്‍ യുവതിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version