KeralaNEWS

ഇന്ന് വൈകിട്ട് 6 മണി മുതൽ കോയമ്പത്തൂർ–സായ്‌നഗർ ഷിർദി റൂട്ടിൽ സ്വകാര്യ ട്രെയിൻ സർവീസ്‌

കൊച്ചി : രാജ്യത്തെ ആദ്യ സമ്പൂർണ സ്വകാര്യ ട്രെയിൻ ഇന്ന് (ചൊവ്വ) കോയമ്പത്തൂരിൽനിന്ന്‌ സർവീസ് ആരംഭിക്കും. സ്ലീപ്പർ ടിക്കറ്റിലടക്കം ഇരട്ടിയോളമാണ്‌ ചാർജ്‌. കോയമ്പത്തൂർ–സായ്‌നഗർ ഷിർദി റൂട്ടിലാണ്‌ (1458 കിലോമീറ്റർ) സർവീസ്‌.

ഈ റൂട്ടിലെ മറ്റ്‌ ട്രെയിനുകളിൽ 1280 രൂപയാണ്‌ സ്ലീപ്പർ ടിക്കറ്റ്‌ നിരക്ക്. സ്വകാര്യ ട്രെയിനിൽ 2500. തേർഡ്‌ എ.സി നിരക്ക്‌ 5000 രൂപയും (മറ്റ്‌ ട്രെയിനുകളിൽ 3360) സെക്കൻഡ്‌ എ.സി ടിക്കറ്റിന്‌ 7000രൂപ (4820)യും ഫസ്‌റ്റ്‌ എ.സിക്ക്‌ 10,000 (8190) രൂപയുമാണ്‌ നിരക്ക്‌. കോയമ്പത്തൂർ നോർത്ത്‌ സ്‌റ്റേഷനിൽനിന്ന്‌ ചൊവ്വ വൈകിട്ട് ആറിന്‌ പുറപ്പെടുന്ന ട്രെയിൻ വ്യാഴം രാവിലെ 7.25ന് ഷിർദിയിൽ എത്തും.

ഇന്ത്യൻ റെയിൽവേയുടെ ‘ഭാരത് ഗൗരവ് ട്രെയിൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്വകാര്യ സർവീസ് ആരംഭിക്കുന്നത്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെയാണ് യാത്ര. ട്രെയിൻ നിരക്ക്‌ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക്‌ എപ്പോൾ വേണമെങ്കിലും കൂട്ടാം.

സ്വകാര്യ ട്രെയിൻ ഓടിക്കാനുള്ള തീരുമാനത്തിനെതിരെ ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയനും (സി.ഐ.ടി.യു) ഓൾ ഇന്ത്യാ ലോക്കോ റണ്ണിങ്‌ സ്‌റ്റാഫ്‌ അസോസിയേഷനും ചൊവ്വാഴ്‌ച രാജ്യവ്യാപക പ്രതിഷേധം നടത്തുന്നു. എറണാകുളം സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ മാനേജരുടെ ഓഫീസിനുമുന്നിൽ ഉച്ചക്ക് 12.30ന് പ്രതിഷേധം നടന്നു.

Back to top button
error: