KeralaNEWS

കന്റോണ്‍മെന്റ് ഹൗസില്‍ ചാടിക്കടന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറി ഡിവൈഎഫ്‌ഐ. കന്റോണ്‍മെന്റ് ഹൗസില്‍ ചാടിക്കടന്ന പ്രവര്‍ത്തകനെ വിഡി സതീശന്റെ പേര്‍സണല്‍ സ്റ്റാഫ് പിടിച്ചുവച്ചു. മറ്റൊരു പ്രവര്‍ത്തകനെ പൊലീസ് നീക്കം ചെയ്തു. എന്നാല്‍ പുറത്ത് സമരം നടത്തിയ പ്രവര്‍ത്തകരെ അകത്തേക്ക് വലിച്ചിഴച്ചതായി ഡിവൈഎഫ്‌ഐ ആരോപിച്ചു.

മുഖ്യമന്ത്രിക്കുനേരേ വിമാനത്തിലുണ്ടായ ആക്രമണ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഇതിനിടെയാണ് പോലീസിനെ വെട്ടിച്ച് പ്രവര്‍ത്തകര്‍ അകത്തുകയറിയത്. സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സംയമനം പരിമിതിയായി കാണരുതെന്ന് പ്രതിഷേധ യോഗത്തില്‍ ഷിജുഖാന്‍ പറഞ്ഞു. അകത്ത് പിടിയിലായ പ്രവര്‍ത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഗേറ്റിന് വെളിയില്‍ പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഒടുവില്‍ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വര്‍ണക്കടത്ത് വിവാദത്തില്‍ സമരങ്ങളുമായി പ്രതിപക്ഷവും പ്രതിരോധിച്ച് ഭരണപക്ഷവും റോഡിലിറങ്ങിയതോടെ കേരളമെങ്ങും അശാന്തമാണ്. പലയിടത്തും അക്രമങ്ങളും സംഘര്‍ഷവുമുണ്ടായി. പൊലീസ് കണ്ണീര്‍ വാതകം അടക്കം പ്രയോഗിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ നാടന്‍ ബോംബേറിഞ്ഞിരുന്നു. രാവിലെ അമ്പലപ്പുഴയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫീസും കൊടിമരവും രാത്രി തകര്‍ത്തു. തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് പൗഡിക്കോണത്ത് കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ നാല് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോഴിക്കോട് ഏറാമല കുന്നുമ്മക്കരയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പുലര്‍ച്ചെ തീവെച്ച് നശിപ്പിച്ചു. പത്തനംതിട്ട അടൂരില്‍ കോണ്‍സ് ഓഫീസ് തല്ലി തകര്‍ത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. കാസര്‍ഗോഡ് നീലേശ്വരം ഹൗസിംഗ് കോളനിക്ക് സമീപം സ്ഥാപിച്ച കെ കരുണാകരന്റെ പ്രതിമ ഇന്ന് രാവിലെ തകര്‍ത്ത നിലയില്‍ കണ്ടെത്തി.

ക്ലിഫ് ഹൗസിന് സമീപം പ്രതിഷേധവുമായി എത്തിയ പത്തോളം മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൃശൂര്‍ അളഗപ്പനഗറിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ആമ്പല്ലൂരിലും മണ്ണംപേട്ടയിലും കോണ്‍ഗ്രസിന്റെ കൊടികളും ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചു. കട്ടപ്പനയില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച കൊടികള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വരുന്നവരെ തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ പറഞ്ഞു. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തൃശൂര്‍ കോര്‍പ്പറേഷനില്‍ കറുത്ത തുണി തലയില്‍ കെട്ടി മേയറുടെ ചേംബറിന് മുന്നില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. കൊല്ലം കളക്ടറേറ്റിലേക്ക് ആര്‍എസ്പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. പൊലീസ് കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് പരിക്കേറ്റു.

Back to top button
error: