IndiaNEWS

ബംഗാളില്‍ സര്‍വകലാശാല ചാന്‍സലര്‍ ഇനി ഗവര്‍ണറല്ല !

ബില്‍ നിയമസഭ തിങ്കളാഴ്ച പാസാക്കി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സംസ്ഥാനസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 17 സര്‍വകലാശാലകളുടെ ചാന്‍സലറായി മുഖ്യമന്ത്രിയെ നിയമിക്കുന്ന ബില്‍ നിയമസഭ തിങ്കളാഴ്ച പാസാക്കി. പ്രതിപക്ഷകക്ഷിയായ ബിജെപിയുടെ കടുത്ത പ്രതിഷേധത്തിനിടയിലാണ് ഗവര്‍ണറില്‍ നിന്ന് ചുമതല മുഖ്യമന്ത്രിയിലേക്ക് മാറ്റുന്ന ബില്‍ നിയമസഭ പാസാക്കിയത്. 182 സഭാംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തു. 40 പ്രതിപക്ഷ എംഎല്‍എമാര്‍ ബില്ലിനെ പ്രതികൂലിച്ചു. 294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ ബിജെപിയ്ക്ക് 70 അംഗങ്ങളും തൃണമുല്‍ കോണ്‍ഗ്രസിന് 217 അംഗങ്ങളുമാണുള്ളത്.

പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയേയും ആറ് ബിജെപി എംഎല്‍എമാരേയും അച്ചടക്കലംഘനത്തെ തുടര്‍ന്ന് നിയമസഭാനടപടികളില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. ഇവര്‍ നിയമസഭയ്ക്ക് പുറത്ത് പുതിയബില്ലിനെതിരെയും ഇവര്‍ക്കേര്‍പ്പെടുത്തിയ വിലക്കിനെതിരെയും പ്രതിഷേധിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരിനും തുല്യ അധികാരമുള്ള വിഷയമാണ് വിദ്യാഭ്യാസമെന്നതിനാല്‍ തൃണമുല്‍ സര്‍ക്കാര്‍ ബില്‍ പാസാക്കിയാലും അതിനെതിരെ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും സുവേന്ദു പ്രതികരിച്ചു.

ബില്ലോ ഓഡിനന്‍സോ പാസാക്കാന്‍ ഗവര്‍ണറുടെ അനുമതി വേണമെന്നിരിക്കെ ഗവര്‍ണറില്‍ നിന്ന് അനുകൂല സമീപനത്തിന്റെ അഭാവത്തിലും ഈ ബില്‍ പാസാക്കുമെന്ന് തൃണമുല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നല്‍കുന്ന നിയമം തമിഴ്‌നാടും ഗുജറാത്തും നേരത്തെ പാസാക്കിയിരുന്നു. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തന്നെയാണ് ചാന്‍സലറായി തുടരുന്നത്.

അധ്യാപകനിയമനത്തില്‍ നടന്ന അഴിമതിയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള നാടകമാണ് പുതിയ ബില്ലെന്ന് മേയ് 29 ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞിരുന്നു. അഴിമതിക്കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്.

Back to top button
error: