KeralaNEWS

കരിങ്കൊടിയുമായെത്തിയ കെഎസ്‌യു പ്രവര്‍ത്തകന് പൊലീസ് വാഹനത്തില്‍ സി.പി.എമ്മിന്‍െ്‌റ മര്‍ദനം

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‌യു പ്രവര്‍ത്തകനെ പൊലീസ് വാഹനത്തിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആക്ഷേപം. കെഎസ്‌യു ജില്ലാ സെക്രട്ടറി ഫര്‍ഹാനാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകരെ പൊലീസിന് തടയാനായില്ല. ഫര്‍ഹാനെ പൊലീസ് വാഹനത്തില്‍ വച്ച് മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കനും പോലീസ് തയാറായില്ലെന്ന് ആക്ഷേപമുണ്ട്.

ഇതിനിടെ തളിപ്പറമ്പില്‍ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് – കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന ഇടങ്ങളിലെല്ലാം സിപിഎം പതാകയുമായി പ്രവര്‍ത്തകര്‍ പുറത്തുണ്ട്. ഇന്ന് രാവിലെ മുതല്‍ മാത്രം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതിന് മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ മാര്‍ഗമധ്യേ തളാപ്പില്‍വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

ഇരുപതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ കരിങ്കൊടിയുമായി ഗസ്റ്റ് ഹൗസിന് മുമ്പില്‍ പ്രതിഷേധിക്കാനെത്തിയത്. ഇവര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഗസ്റ്റ് ഹൗസിനകത്തേക്ക് കടക്കാനുള്ള ശ്രമം നടത്തിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് മടങ്ങുന്നത് വരെ തടങ്കലില്‍ വയ്ക്കും.

 

Back to top button
error: