ഹിമാചലിലെ ഏക ‘കനല്‍ത്തരിയും’ താമരചൂടി; അഭിമാന നിമിഷമെന്ന് ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലെ ഏക സിപിഎം അംഗം ബിജെപിയില്‍ ചേര്‍ന്നു. സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള സിപിഎം കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ബിജെപിയില്‍ ചേര്‍ന്നത്.

2012ല്‍ കോര്‍പ്പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സിപിഐഎം പ്രതിനിധികളായിരുന്നു. മൂന്ന് സീറ്റുകളിലാണ് സിപിഐഎം 2012ല്‍ വിജയിച്ചത്. എന്നാല്‍ 2017ല്‍ ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് വിജയിക്കാനായിരുന്നുള്ളൂ. ഈ സീറ്റില്‍ വിജയിച്ച അംഗമാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്. കൂടുതല്‍ ഇടതുനേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനാണ് ബിജെപി നീക്കം.

ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് അഭിമാന നിമിഷമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ രവി മേഹ്ത പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് നേതാക്കള്‍ ബിജെപിയിലെത്തുന്നതെന്നും രവി മേഹ്ത പറഞ്ഞു.

ജുബ്ബാല്‍ കോട്ട്ഖൈ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. കോണ്‍ഗ്രസ് കോട്ടകളായ ഇത്തരം മണ്ഡലങ്ങളില്‍ പാര്‍ട്ടി നേതാക്കളെ മത്സരിപ്പിക്കാതെ കോണ്‍ഗ്രസ് വിരുദ്ധ പൊതുസ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഇത്തരം സ്ഥാനാര്‍ത്ഥിത്വങ്ങളിലേക്ക് സിപിഎം പോലുള്ള പാര്‍ട്ടി വിട്ട് വരുന്നവരെ പരിഗണിക്കാനാണ് ബിജെപി പദ്ധതി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version