KeralaNEWS

സംസ്ഥാന സെക്രട്ടറിക്ക് ജയിലിനു മുന്നില്‍ സ്വീകരണം; രക്തഹാരം അണിയിച്ച് എസ്.എഫ്.ഐ.

മുദ്രാവാക്യങ്ങളോടെ ജയിലിലേക്ക്

കൊച്ചി: ജാമ്യവ്യവസ്ഥ ലംഘിച്ച് വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായതോടെ വീണ്ടും അറസ്റ്റിലായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോയ്ക്ക് ജയിലിന് മുന്നില്‍ സ്വീകരണമൊരുക്കി എസ്.എഫ്.ഐ. വിവിധ കേസുകളില്‍ പ്രതിയായ ആര്‍ഷോയെ എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന കോടതിയില്‍ ഹാജരാക്കിയ ആര്‍ഷോയെ റിമാന്‍ഡ് ചെയ്ത് ജയിലിലെത്തിച്ചപ്പോഴായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രക്തഹാരം അണിയിച്ചു സ്വീകരിച്ചത്. എസ്‌ഐഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഇതിനു പൊലീസ് ഒത്താശ ചെയ്തു കൊടുക്കുന്ന വീഡിയോയും പുറത്തു വന്നു.

ഏറെ വിവാദത്തിനു ശേഷമായിരുന്നു ആര്‍ഷോയുടെ അറസ്റ്റ്. സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയായ ആര്‍ഷോ കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയാണ്. ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് മാസം മുമ്പ് അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളില്‍ പങ്കാളിയായതോടെ ജാമ്യവ്യസ്ഥ വ്യവസ്ഥകള്‍ ലംഘിച്ചതു കണക്കിലെടുത്ത് ജസ്റ്റിസ് സുനില്‍ തോമസാണ് ജാമ്യം റദ്ദാക്കിയത്. ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചിട്ടുരുന്നുവെങ്കിലും പോലീസ് അറസ്റ്റു ചെയ്തിരുന്നില്ല. അര്‍ഷോ ഒളിവിലായിരുന്നു എന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ ഇതിനിടെ മലപ്പുറത്ത് നടന്ന് എസ്എഫ്ഐ സമ്മേളനത്തില്‍ അര്‍ഷോ പങ്കെടുത്ത് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഒളിവിലുള്ള പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പോലീസിന് എതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി ഷാജഹാന്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം അര്‍ഷോയെ അറസ്റ്റ് ചെയ്തത്.

2018-ല്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ഥിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് ആര്‍ഷോയ്ക്ക് എതിരേ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ നിലവിലുണ്ട്.എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എം ജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലും ആര്‍ഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് ആര്‍ഷോക്കെതിരെ അന്ന് ഉയര്‍ന്നത്.

എറണാകുളം ലോ കോളേജില്‍ റാഗിംഗ് പരാതിയിലും ആര്‍ഷോ പ്രതിയാണ്. ഇത്തവണ 25 വയസ് പ്രായപരിധി കര്‍ശനമാക്കിയതോടെ എസ്എഫ്ഐ നേതൃത്വത്തില്‍ നിന്നും വലിയ നിര ഒഴിവായതിനെ തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്തെക്ക് ആര്‍ഷോയെ പരിഗണിച്ചത്.

 

Back to top button
error: