ബാങ്കുകാരുടെ ഭീഷണി; യുവാവ് ആത്മഹത്യ ചെയ്തു; പിന്നാലെ കുഴഞ്ഞുവീണ് അച്ഛനും മരിച്ചു

തിരുവനന്തപുരം: വീട് ജപ്തി ചെയ്യുമെന്നുള്ള ബാങ്കുകാരുടെ ഭീക്ഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. പിന്നാലെ കുഴഞ്ഞുവീണ് അച്ഛനും മരിച്ചു. നെടുമങ്ങാട് വേങ്കവിള പഴകുറ്റി ശോഭനാലയത്തില്‍ അരുണ്‍ (29), അരുണിന്റെ അച്ഛന്‍ മുരളീധരന്‍നായര്‍ (60) എന്നിവരാണ് മരിച്ചത്.

മകന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.ഐ.എസ്.ആര്‍.ഒ.യിലെ കരാര്‍ ജീവനക്കാരനായിരുന്ന അരുണിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു.

നെടുമങ്ങാട്ടെ സ്വകാര്യ ബാങ്കില്‍ നിന്നും വായ്പയെടുത്ത് ആകെയുള്ള നാലുസെന്റ് വസ്തുവില്‍ അരുൺ വീടുവച്ചിരുന്നു.എന്നാൽ ജോലി നഷ്ടപ്പെട്ടതോടെ ലോണ്‍ തിരിച്ചടവ് മുടങ്ങി.ഇതിനിടയിൽ വീട് ജപ്തിചെയ്യുമെന്ന് ബാങ്കുകാര്‍ അരുണിനെ നിരന്തരം ഭീഷണിപ്പെടുത്താനും തുടങ്ങി.

 

 

കഴിഞ്ഞ ദിവസവും ഇതേപോലെ ബാങ്കുകാർ അരുണിനെ ഭീഷണിപ്പെടുത്തിയിരുന്നു.അന്ന് രാത്രിയിലാണ് അരുണ്‍ തൂങ്ങിമരിച്ചത്. അരുണിന്റെ മരണാനന്തരച്ചടങ്ങുകള്‍ വീട്ടില്‍ നടക്കുന്നതിനിടെ ഉച്ചയോടെ പിതാവ് മുരളീധരന്‍നായര്‍ കുഴഞ്ഞു വീഴുകയായിരുന്നു.ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version