ഷാജ് കിരണുമായി ബന്ധം: വിജിലന്‍സ് മേധാവി അജിത് കുമാറിനെ തെറിപ്പിച്ചു

സര്‍ക്കാരിന്‍െ്‌റ മുഖം നഷ്ടപ്പെടുത്തിയ പ്രശ്നം സങ്കീര്‍ണമാക്കിയത് വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍. അജിത് കുമാറിന്റെ ഇടപെടലെന്ന്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്് കേസ് പ്രതി സ്വപ്‌ന സുരേഷ് വിവാദ ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍. അജിത് കുമാറിനെ തല്‍സ്ഥാനത്തുനിന്നു തെറിപ്പിച്ചു സര്‍ക്കാര്‍. ഐ.ജി: എച്ച്. വെങ്കടേഷിനു വിജിലന്‍സിന്റെ താത്കാലിക ചുമതല നല്‍കി. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി ഒപ്പുവച്ചു.

ഒത്തുതീര്‍പ്പിനായി മുഖ്യമന്ത്രി അയച്ചതാണെന്നവകാശപ്പെട്ട് സ്വപ്നയെ സമീപിച്ച ഷാജ് കിരണുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എം.ആര്‍. അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. തന്നെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നതിനിടെ എ.ഡി.ജി.പി. അജിത് കുമാറുമായും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുമായും ഷാജ് കിരണ്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നു സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

സ്വപ്നയുമായി ഇടനില ചര്‍ച്ച നടത്താന്‍ പോലീസ് ദൂതനായി ഷാജിനെ അയച്ചതാണെന്ന ആക്ഷേപം വ്യാപകമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണു സര്‍ക്കാര്‍ തിടുക്കത്തില്‍ നടപടിക്കു തുനിഞ്ഞത്. അജിത്തിനെ നീക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും നിര്‍ദേശിച്ചിരുന്നു. ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെ സര്‍ക്കാര്‍ ഇന്നലെ നടപടിയിലേക്ക് നീങ്ങുകയായിരുന്നു സ്വീകരിച്ചത്.

അജിത് കുമാറിനെ വിജിന്‍സ് മേധാവിയായി നിയമിച്ചിട്ട് ഏറെക്കാലമായിട്ടില്ല. സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തിയ പ്രശ്നം സങ്കീര്‍ണമാകാന്‍ ഇടയാക്കിയത് അജിത്കുമാറിന്റെ ഇടപെടല്‍ മൂലമാണെന്നു സര്‍ക്കാര്‍ കണ്ടെത്തി. ഷാജുമായി ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകളും കണ്ടെത്തി. ഷാജുമായി അടുത്ത ബന്ധമാണ് അജിത് കുമാറിനുള്ളതെന്ന് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടും ലഭിച്ചു. അജിത് കുമാറിനെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണു സൂചന.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version