ആഡംബര ബോട്ടില്‍ മദ്യം കടത്തിയ സംഭവത്തില്‍ പ്രവാസിയുടെ കസ്റ്റഡി നീട്ടി

കുവൈത്ത് സിറ്റി: ഉല്ലാസ നൗകയില്‍ വന്‍തോതില്‍ മദ്യം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ കുവൈത്ത് സ്വദേശയെ ജാമ്യത്തില്‍ വിട്ടയച്ചു. 500 ദിനാര്‍ കെട്ടിവെയ്‍ക്കണമെന്ന ഉപാധിയിലാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. അതേസമയം കേസില്‍ അറസ്റ്റിലായ ഫിലിപ്പൈന്‍സ് സ്വദേശിയുടെ കസ്റ്റഡി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

അറബ് ലോകത്ത് പ്രശസ്‍തനായ ഒരു സോഷ്യല്‍ മീഡിയ താരത്തിന്റെ ആഡംബര ബോട്ടിലായിരുന്നു കുവൈത്ത് കസ്റ്റംസ് റെയ്‍ഡ് നടത്തിയത്. സോഷ്യല്‍ മീഡിയ താരത്തിന്റെ സുഹൃത്തായ കുവൈത്ത് സ്വദേശിയും ബോട്ടിന്റെ ഡ്രൈവറായ ഫിലിപ്പൈന്‍സ് സ്വദേശിയുമാണ് അറസ്റ്റിലായത്.

മറ്റൊരു ഗള്‍ഫ് രാജ്യത്തു നിന്ന് ബോട്ട് കുവൈത്തില്‍ എത്തിയ ഉടനെയായിരുന്നു പരിശോധന. വിവിധ ബ്രാന്‍ഡുകളുടെ 693 ബോട്ടില്‍ മദ്യം ഈ ആഡംബര നൗകയിലുണ്ടായിരുന്നുവെന്നാണ് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. പരിശോധന നടക്കുമ്പോള്‍ കുവൈത്ത് പൗരനും ഒരു ഫിലിപ്പെനിയും ബോട്ടിലുണ്ടായിരുന്നു.

രാജ്യത്തേക്ക് കള്ളക്കടത്ത് നടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ജീവനക്കാരുടെ ജാഗ്രതയിലൂടെ തടയാന്‍ സാധിച്ചതെന്ന് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് നേരത്തെ പറഞ്ഞിരുന്നു. ബോട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം അവയും പിടിയിലായ വ്യക്തികളെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version