NEWSWorld

ഗുളികയുടെ എണ്ണം ചതിച്ച് ആശാനേ…! 20,000 ദിര്‍ഹം പിഴയും നാടുകടത്തലും ശിക്ഷ വിധിക്കപ്പെട്ട മലയാളിക്ക് ഒടുവില്‍ 90 ദിവസത്തിന് ശേഷം മോചനം

അബുദാബി: അനുമതില്ലാതെ അളവില്‍ കൂടുതല്‍ മരുന്നു കൊണ്ടുവന്നതിന് യുഎഇയില്‍ പിടിയിലായ മലയാളി ജയില്‍ മോചിതനായി. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി നൗഫലിനെയാണ് അല്‍ഐന്‍ അപ്പീല്‍ കോടതി കുറ്റവിമുക്തനാക്കിയത്. 90 ദിവസങ്ങള്‍ക്ക് ശേഷമാണ് മോചനം ലഭിച്ചത്.

മാര്‍ച്ച് 30ന് നാട്ടില്‍ നിന്ന് സഹോദരന്‍ നൗഷാദിനൊപ്പം അല്‍ഐന്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയതാണ് നൗഫല്‍. സുഖമില്ലാത്ത അനുജന് വേണ്ടി നാട്ടില്‍ നിന്ന് ഗുളികകള്‍ വാങ്ങിയിരുന്നു. ഒരു വര്‍ഷം വരെയുള്ള ഗുളികകള്‍ കൊണ്ടുപോകാമെന്ന് മെഡിക്കല്‍ ഷോപ്പുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് 289 ഗുളികകള്‍ വാങ്ങി. ഈ മരുന്ന് നൗഫലിന്റെ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. മരുന്നിന്റെ കുറിപ്പടി നൗഷാദിന്റെ പക്കലായിരുന്നു.

അല്‍ഐന്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ ബാഗില്‍ നിന്ന് ഗുളിക കണ്ടെടുത്തു. ഈ ഗുളികയക്ക് നിയന്ത്രണം ഉണ്ടെന്നും ചെറിയ അളവായിരുന്നെങ്കില്‍ കുഴപ്പമില്ലെന്നുമായിരുന്നു അധികൃതര്‍ പറഞ്ഞത്. അപ്പോഴാണ് നൗഫല്‍ ഈ വിവരം അറിഞ്ഞത്. നൗഫലിനെതിരെ കേസെടുത്ത് വിമാനത്താവളത്തില്‍ നിന്ന് ജയിലിലേക്ക് മാറ്റി. ഒരാഴ്ച റിമാന്‍ഡ് ചെയ്തു.

പ്രോസിക്യൂഷന് മുമ്പില്‍ ഹാജരാക്കി. എന്നാല്‍ ഗുളിക അളവില്‍ കൂടുതലായതിനാല്‍ 20,000 ദിര്‍ഹം പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു. തുടര്‍ന്ന് അഭിഭാഷകന്റെ സഹായത്തോടെ വിധിക്കെതിരെ അപ്പീല്‍ നല്‍കി. നൗഫലിന്റെ അനുജനെയും വിളിച്ചുവരുത്തി വിവരങ്ങള്‍ മനസ്സിലാക്കിയ കോടതി ഒടുവില്‍ നൗഫല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ കുറിപ്പടി, മരുന്ന് വാങ്ങിയ ബില്ല്്, വിമാന ടിക്കറ്റ്, ബോര്‍ഡിങ് പാസ്, നൗഷാദിന് നേരത്തെ യുഎഇയിലെ ഡോക്ടര്‍മാര്‍ എഴുതി കൊടുത്ത കുറിപ്പടി, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവയെല്ലാം അറബിയിലേക്ക് മൊഴിമാറ്റി ഹാജരാക്കിയിരുന്നു. തുടര്‍ന്ന് 90 ദിവസത്തിന് ശേഷം നൗഫല്‍ ജയില്‍ മോചിതനാകുകയായിരുന്നു.

 

Back to top button
error: