
കൊല്ലം :തിരക്കുകൾക്കിടയിലും മരങ്ങളാൽ ‘പച്ചക്കുട’ നിവർത്തി ഒളിച്ചിരിക്കുന്ന മൂന്നരയേക്കർ ഇടം – അതാണ് കൊല്ലത്തെ വാളത്തുംഗൽ കാവ്. രണ്ടരനൂറ്റാണ്ടോളം പഴക്കമുള്ള കാവിനെ പറ്റി ചുറ്റുമുള്ളവർക്കു പോലും അധികമൊന്നും അറിയില്ലെന്നതാണ് കൗതുകം. കൊല്ലം നഗരപരിധിയിൽ, മൂന്നരയേക്കറോളം വലുപ്പത്തിലുള്ള ‘പച്ചത്തുരുത്ത്’ പോലെയാണ് വാളത്തുംഗൽ കാവ് നിലകൊള്ളുന്നത്. പളളിമുക്കിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ ഇരവിപുരത്തിനു സമീപത്താണ് കാവുള്ളത്. ‘ആകാശ യക്ഷി മരം’ എന്ന പേരിൽ ആരാധിക്കപ്പെടുന്ന ഇവിടത്തെ ഏറ്റവും പഴക്കമുള്ള മരം ഉൾപ്പെടെ ഒട്ടേറെ വൻമരങ്ങളും വള്ളിപ്പടർപ്പുകളും ഇടതിങ്ങി നിൽക്കുന്ന ഈ കാവ് പ്രകൃതി സംരക്ഷണത്തിന്റെ കാമ്പുള്ള ഉദാഹരണമാണ്. കറുത്ത ഓടൽ, കാട്ടുഞാവൽ, അകിൽ, കരിഞ്ഞോട്ട, മയില, ഇല പൊങ്ങ്, ചേര്, ചെറുതാലി, താന്നി വെറ്റിലക്കൊടി, ആനച്ചുവടി, ഇത്തി കാട്ടുപുളി എന്നിങ്ങനെ പല വിധ മരങ്ങളാണ് കാവിലുള്ളത്. വള്ളിപ്പൂച്ച ഉൾപ്പെടെ വംശനാശ ഭീഷണിയിലായ ജീവജാലങ്ങൾക്കു ആവാസവ്യവസ്ഥയൊരുക്കി നൽകുന്നുണ്ട് ഇവിടം. വവ്വാൽക്കൂട്ടങ്ങളും, നാഗത്താന്മാരും എണ്ണിയൊലൊടുങ്ങാത്ത പോലെ കിളികളും പ്രാണികളുമെല്ലാം കാവിന്റെ തണലിൽ പുറംലോകത്തിന്റെ ശല്യങ്ങളൊന്നുമില്ലാതെ ജീവിക്കുന്നു.
കാവിലെ വള്ളിപ്പടർപ്പുകൾ പോലെ പ്രകൃതിയും ഭക്തിയും ഐതിഹ്യങ്ങളും ഇവിടെ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുകയാണ്.പതിനെട്ടാം നൂറ്റാണ്ടിലെ പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിൽ മലബാറിൽ നിന്ന് കുടിയേറിയ കുടുംബമാണ് കാവ് സ്ഥാപിച്ചത് എന്നാണ് ഐതിഹ്യം. സാമൂതിരിയുടെ സാമന്തന്മാരായ ഗ്രാമത്തലവന്മാരിൽ ചിലർ ടിപ്പുവിന്റെ പടയോട്ടം ഭയന്ന് സ്വന്തമായുള്ളതെല്ലാം കെട്ടിപ്പെറുക്കി വീട്ടുകാർക്കും ആശ്രിതർക്കും ഒപ്പം തിരുവിതാംകൂറിലേക്കു തിരിക്കുകയായിരുന്നു. പലായനത്തിനിടെ സ്വയരക്ഷയ്ക്കായി കൊണ്ടു വന്ന വാളുകൾ കൂട്ടിയിട്ടിരുന്ന സ്ഥലം എന്നതിൽ നിന്നാണ് വാളത്തുംഗൽ എന്ന് പേര് വന്നത്. വാളേറാംകാവ്, ചേരൂർ കാവ് എന്നെല്ലാം പേരുകളുണ്ട്.
കുലദേവതയുടെ ചൈതന്യം ഒപ്പം ആവാഹിച്ചു കൊണ്ടുവന്ന അവർ അനുയോജ്യമായ സ്ഥലം കണ്ടെത്തി അവിടെ പ്രതിഷ്ഠ നടത്തുകയായിരുന്നു. വലിയ ഒരു പ്രദേശം മുഴുവൻ കാടും കാവുമായി കാത്തുരക്ഷിച്ചു പോന്നു. നാടു വിട്ട് ഓടിയെത്തിയ പൂർവികർ അവർക്കൊപ്പം കൊണ്ടുവന്നത് സമ്പത്തും പരദേവതാ ചൈത്യന്യവും മാത്രമായിരുന്നില്ല. അപൂർവമായ ഔഷധച്ചെടികളും വൃക്ഷത്തൈകളും വിത്തുകളും മറ്റും ശേഖരിച്ചു കൊണ്ടുവന്നിരുന്നു എന്നാണ് കഥ. പുതിയൊരിടത്തേക്ക് പറിച്ചുനടപ്പെട്ടപ്പോൾ പോലും പ്രകൃതിയെ കൂടെക്കൂട്ടാൻ മടിക്കാത്തവർ നട്ടു വളർത്തിയതാണ് ഇന്നും ഇവിടെ തലയുയർത്തി
നിലനിൽക്കുന്ന വാളത്തുംഗൽ കാവ് ശാകുന്തളത്തിൽ മുറിവു പറ്റിയ മാൻപേടയ്ക്ക് ‘ഓടലെണ്ണ’ തടവിക്കൊടുക്കുന്ന രംഗമുണ്ട്. ഓടലെണ്ണ ഉൽപാദിപ്പിക്കുന്ന അപൂർവയിനം കറുത്ത ഓടൽമരം കാവിൽ കാണാം. ‘ഓടൽമരത്തിന്റെ തൈ ഉൾപ്പെടെ ‘മൂടോടെ പറിച്ച് കൊണ്ടാണ് മലബാറിൽ നിന്ന് പൂർവികർ എത്തിയതെന്ന്’ കുടുംബ ക്ഷേത്രത്തിലെ തല മൂത്ത അംഗങ്ങൾ പറയുന്നു.
കാട്ടുവള്ളി പടർപ്പുകൾ നിറഞ്ഞ ശ്രീകോവിലിൽ കുടികൊള്ളുന്നത് വനദുർഗയാണ്. നിത്യപൂജയും ആചാരങ്ങളുമെല്ലാം മുടങ്ങാതെ നടത്തുന്നു. വർഷങ്ങളുടെ പഴക്കത്തോടെ തലയുയർത്തി നിൽക്കുന്ന വലിയൊരു വടവൃക്ഷത്തെ ‘ആകാശ യക്ഷി മരം’ എന്ന പേരിൽ ഇവിടെ ആരാധിക്കുന്നുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപേ വൃക്ഷത്തിന് മുൻപിൽ തിരികൊളുത്താൻ ഉപയോഗിച്ചിരുന്ന കൽമണ്ഡപവും കാണാം. മരങ്ങളെ പൂജിക്കുന്ന കാവിൽ നിന്ന് മരം മുറിച്ചുമാറ്റുക എന്നൊന്ന് കേട്ടുകേൾവി പോലുമില്ലെന്ന് എല്ലാവരും പറയുന്നു. ചെറിയൊരു പുൽക്കൊടിയെ പോലും വിശുദ്ധമായാണ് ഇവിടെ പരിഗണിക്കുന്നത്.
ശ്വാസകോശം പോലെ ശുദ്ധവായു അരിച്ചെടുത്തു തരുന്ന കാവിൽ ഏത് ഉച്ച നേരത്തും നല്ല തണുപ്പും തണലുമാണ്. സൂര്യപ്രകാശത്തെ വലിയ മരച്ചില്ലകൾ കുട പോലെ തടുത്തു നിർത്തുകയാണിവിടെ. റോഡിൽ നിന്ന് കാവിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോൾ തന്നെ കരിമ്പച്ച നിറത്തിൽ തണൽ വന്നു മൂടുന്നത് അറിയാം. നഗരച്ചൂടിൽ നിന്ന് പ്രകൃതിയുടെ മടിയിലേക്ക് ഇറങ്ങുന്ന അവസ്ഥ. മുന്നിൽ നിന്ന് നോക്കിയാൽ കാട്ടുവള്ളിച്ചെടികളും മരങ്ങളും ഒക്കെയുള്ള ചെറിയൊരു അമ്പലം എന്നു മാത്രം എന്നു തോന്നുമെങ്കിലും, മരങ്ങൾ അതിരു നിൽക്കുന്ന കാട്ടുപാത പോലുളള വഴിയിലൂടെ കാവിന്റെ പിൻഭാഗത്തേക്ക് ഇറങ്ങാം. നിറയെ വലിയ മരങ്ങളും പച്ചപ്പും നിറഞ്ഞ ചെറുകാട്ടിലേക്കുള്ള യാത്രയാകും അത്. കാവിലെ മരങ്ങളിൽ എണ്ണിയാൽ തീരാത്ത അത്ര വവ്വാൽക്കൂട്ടങ്ങൾ തൂങ്ങിക്കിടക്കുന്നത് കാണാം. കുളവും വള്ളിപ്പടർപ്പുകളും എല്ലാം ചേർന്ന കൊച്ചുവനം കണ്ണിനു വിരുന്നൊരുക്കും.
ജാതിമതഭേദമില്ലാതെ ആളുകൾ കാവിലെ കാഴ്ചകൾ കാണാൻ എത്താറുണ്ട്.കയ്യേറ്റങ്ങളുടെയും കാടുവെട്ടിത്തളിക്കലിന്റേയും കാലത്ത് കോർപറേഷൻ പരിധിയിൽ ഇത്രയുമധികം സ്ഥലം സംരക്ഷിക്കപ്പെടുന്നത് അപൂർവ കാഴ്ചയാണെന്നു തീർച്ച.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
ഒളിച്ചുവയ്ക്കേണ്ടതല്ല ലിംഗത്തിലെ ചൊറിച്ചിൽ, പരിഹാരമുണ്ട് -
സീറോ ബാലൻസ് അക്കൗണ്ടിന്റെ ഗുണവും ദോഷവും -
സഹപ്രവര്ത്തകൻ ആലിംഗനം ചെയ്തു, യുവതിയുടെ 3 വാരിയെല്ലുകള്‍ ഒടിഞ്ഞു; നഷ്ടപരിഹാരം തേടി യുവതി കോടതിയിൽ -
ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിത കഥ പറയുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഓണത്തിന് എത്തും -
മമ്മൂട്ടി പോലീസ് ഓഫീസറായി എത്തുന്ന ‘ക്രിസ്റ്റഫ’റിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി -
ക്യാന്‍സര്‍ കണ്ടെത്താന്‍ സ്പെഷ്യല്‍ ക്യാമ്പുകള്‍ -
സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം:വി ഡി സതീശൻ -
റോഷൻ ആൻഡ്രൂസിൻ്റെ വ്യത്യസ്ത ചിത്രം ‘സാറ്റർഡേ നൈറ്റ്’ വരുന്നു -
ഡോ. എം. സത്യന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചുമതലയേറ്റു -
ശമ്പളം നല്കിയിട്ടു മതി 12 മണിക്കൂര്‍ ജോലി, ആസ്തി വില്‍ക്കുന്നതടക്കം ആലോചിക്കണം, ഇങ്ങനെ എത്രനാള്‍ മുന്നോട്ടു പോകുമെന്നും കെ.എസ്.ആര്.ടി.സിയോട് ഹൈക്കോടതി -
ദിലീപ് നായകനാകുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ ഒരു പാൻ-ഇന്ത്യൻ ചിത്രമായി അണിയറയിൽ ഒരുങ്ങുന്നു -
കേരള സവാരിക്ക് തുടക്കമായി : മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു -
പ്രവാസികൾക്ക് നേട്ടം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻ.ആർ.ഐ വിദേശ കറൻസി നിക്ഷേപ പലിശ നിരക്കുകൾ വീണ്ടും ഉയർത്തി -
വയറ് നിറയെ ചോറ്, രണ്ട് തരം കറി, അച്ചാര്‍, ഉപ്പേരി : 20 രൂപ മാത്രം, വയറും നിറയും കാശും ലാഭിക്കാം കുന്നുമ്മലെ ജനകീയ ഹോട്ടലില്‍ -
സൂപ്പര്‍ വാസുകി: അഞ്ച് ചരക്ക് തീവണ്ടികള്‍ ഒന്നിച്ചുചേര്‍ന്ന ഭീമന്; ഇന്ത്യന്‍ റെയില്‍വേയുടെ ഭാവി സൂപ്പര്മാന്!