KeralaNEWS

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന്റെ ജയില്‍മോചനം: സര്‍ക്കാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനുള്‍പ്പെടെ 33 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചതെന്നു സര്‍ക്കാര്‍. മണിച്ചന്റെ ജയില്‍മോചനം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥ സമിതി ശിപാര്‍ശ ചെയ്ത 64 പേരുടെ പട്ടിക 33 പേരായി ചുരുങ്ങിയതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

പല കാരണങ്ങളായാല്‍ ജയില്‍ ഉപദേശക സമിതികള്‍ തള്ളിയ 33 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശിപാര്‍ശയില്‍ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിന്റെ ഭാഗമായി തടവുകാരെ വിട്ടയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ സമിതിയെ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ജയില്‍ ഡി.ജി.പി. എന്നിവടങ്ങിയ സമിതി 64 തടവുകാരുടെ പേരുകളാണ് മോചനത്തിനായി നിര്‍ദേശിച്ചത്. ഇതില്‍ നിന്നും 33 പേരെ തെരഞ്ഞെടുത്തതെങ്ങനെയെന്നാണ് പ്രധാനമായും ഗവര്‍ണര്‍ ഉന്നയിച്ച സംശയം.

20 വര്‍ഷത്തിലേറെയായി ജയിലില്‍ മോചനമില്ലാതെ കിടക്കുന്നവര്‍, പ്രായമായവര്‍, രോഗികള്‍ എന്നിവര്‍ക്ക് പരിഗണ നല്‍കിയാണ് ഉദ്യോഗസ്ഥതല സമിതി പട്ടിക തയാറാക്കിയത്. സ്ത്രീകളെ കൊലപ്പെടുത്തിയവര്‍ ഉള്‍പ്പടെ പട്ടികയില്‍ ഇടം നേടി. രോഗവും പ്രായാധിക്യവും കാരണമാണ് അവരെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പ്രകാരം ഓരോ കേസും പരിശോധിച്ച് ഒഴിവാക്കപ്പെട്ടപ്പോഴാണ് പട്ടിക 33 ആയി ചുരുങ്ങിയത്. മണിച്ചന്റെ മോചന കാര്യത്തില്‍ നാല് ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ 20നു സുപ്രീം കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.

കൊല്ലം സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ച മണിച്ചന്റെ വിടുതല്‍ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചാലും കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരത്തുക കെട്ടിവച്ചാല്‍ മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂവെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.

Back to top button
error: