കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രത കൂട്ടാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

ദില്ലി: കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.   രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് തുടര്‍ച്ചയായി രണ്ടാം ദിവസവും 40 ശതമാനം കൂടിയിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്കിലും വന്‍ വര്‍ധനയുണ്ടായി. കേരളത്തിലെയും മഹാരാഷ്ട്രയിലെയും രോഗ വ്യാപനം ആശങ്കയായി തുടരുകയാണ്.

ബുധനാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത് 5233 കേസുകള്‍ ആയിരുന്നുവെങ്കില്‍ ഇന്ന് അത് 7240 ആയി ഉയര്‍ന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലെത്തുന്നതും മാര്‍ച്ച് ഒന്നിന് ശേഷം ആദ്യമായാണ്. എട്ട് പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമായി ഉയര്‍ന്നു.  മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കേസുകള്‍. മഹാരാഷ്ട്രയില്‍ ജനുവരി 25ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 2701 രോഗികളില്‍ 1765 പേരും മുംബൈയിലാണ്. രോഗവ്യാപനം കൂടുതലാണെങ്കിലും സംസ്ഥാനത്ത് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഒരാഴ്ച്ചയ്ക്കിടെ കേരളത്തില്‍ പതിനായിരത്തില്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കേരളവും മഹാരാഷ്ട്രയും കൂടാതെ ദില്ലി, ബംഗാള്‍, ഹരിയാന തുടങ്ങിയ ഇടങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിച്ചു. ദില്ലിയില്‍ മാസങ്ങള്‍ക്ക് ശേഷം അഞ്ഞൂറിലധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.  നൂറിന് മുകളില്‍ കേസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. പ്രാദേശിക അടിസ്ഥാനത്തില്‍ പരിശോധന കൂട്ടി നിയന്ത്രണങ്ങളേര്‍പ്പെടുത്തി രോഗവ്യാപനം പിടിച്ചുകെട്ടാനാണ് കേന്ദ്രസര്‍ക്കാരിന്റെറെ ആലോചന.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version