BusinessTRENDING

ഭയന്നതു സംഭവിച്ചു; പലിശഭാരം കൂട്ടി ബാങ്കുകള്‍: ലോണെടുത്തവര്‍ പാടുപെടും

തിരുവനന്തപുരം: ലോണെടുത്തവര്‍ ഭയന്നതു തന്നെ സംഭവിച്ചു. റിപ്പോ നിരക്കില്‍ 50 ബേസിസ് പോയിന്‍്‌റ് വര്‍ധനവു വരുത്തിയ റിസര്‍വ് ബാങ്ക് നടപടിക്കു പിന്നാലെ ബാങ്കുകള്‍ വായ്പ പലിശ ഉയര്‍ത്തി തുടങ്ങി. ഒന്നര മാസത്തിനിടെ റിപ്പോ നിരക്കില്‍ 0.90ശതമാനം വര്‍ധനവാണുണ്ടായത്. റിസര്‍വ് ബാങ്ക് നിരക്കുയര്‍ത്തി ഒരുദിവസം പിന്നിടുംമുമ്പെയാണ് ബാങ്കുകള്‍ പലിശകൂട്ടിയത്. കേന്ദ്ര ബാങ്കിന്റെ നിരക്ക് വര്‍ധനവിന് ആനുപാതികമായാണ് പലിശയും കൂടുന്നത്. നിശ്ചിത ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള നിരക്കുകളിലാണ് വര്‍ധന ആദ്യം പ്രതിഫലിക്കുക.

രണ്ടുതവണയായി 0.90ശതമാനം നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അതിന് ആനുപാതികമായി വായ്പാ പലിശയിലും പ്രതിഫലിക്കും. ഉദാഹരണത്തിന്, 20 വര്‍ഷക്കാലയളവില്‍ ഏഴുശതമാനം പലിശ നിരക്കില്‍ 25 ലക്ഷം രൂപ ഭവന വായ്പയെടുത്തവര്‍ അടച്ചിരുന്ന 19,382 രൂപ 20,756 രൂപയാകും. ഒരുമാസംമാത്രം വരുന്ന അധിക ബാധ്യതയാകട്ടെ 1,374 രൂപയാണ്.

പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ ഓഗസ്റ്റിലെ എംപിസി യോഗത്തിലും ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയേക്കും. കാല്‍ശതമാനമെങ്കിലും വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. റിപ്പോ, മാര്‍ജിനല്‍ കോസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള വായ്പ പലിശകളിലാണ് വര്‍ധന ആദ്യം പ്രതിഫലിക്കുക. നിലവില്‍ ബാങ്കുകള്‍ നല്‍കിയിട്ടുള്ള വായ്പകളില്‍ 50ശതമാനത്തിലേറെ ഇത്തരത്തിലുള്ളവയാണ്.

നിലവില്‍ നാല് ബാങ്കുകളാണ് പലിശ വര്‍ധന പ്രഖ്യാപിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി)
റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കും വര്‍ധനവരുത്തി. പുതുക്കിയ പലിശ 7.75ശതമാനമാണ്. ജൂണ്‍ എട്ടുമുതല്‍ നിരക്ക് പ്രാബല്യത്തിലായി.

ഐസിഐസിഐ ബാങ്ക്
ആര്‍ബിഐ റിപ്പോ നിരക്കില്‍ അരശതമാനം വര്‍ധന പ്രഖ്യാപിച്ചതിനുപിന്നാലെ ഐസിഐസിഐ ബാങ്ക് വായ്പാ പലിശ ഉയര്‍ത്തി. ബാങ്കിന്റെ വെബ്സൈറ്റില്‍നിന്നുള്ള വിശദാംശങ്ങള്‍ പ്രകാരം ജൂണ്‍ എട്ടുമുതല്‍ 8.60ശതമാനമാണ് പലിശ.

ബാങ്ക് ഓഫ് ബറോഡ
റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പാ പലിശ 7.40ശതമാനമായാണ് ബാങ്ക് ഓഫ് ബറോഡ ഉയര്‍ത്തിയത്. ജൂണ്‍ ഒമ്പതുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്.

 

 

Back to top button
error: