വീട്ടമ്മയുടെ മരണം: ഭര്‍ത്താവ് കസ്റ്റഡിയില്‍

അമ്പലപ്പുഴ: അറുപത്തിമൂന്നുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. മകനെയും ചോദ്യം ചെയ്യുന്നു. അമ്പലപ്പുഴ കരൂര്‍ ശ്യാംനിവാസില്‍ ശശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യ രമയെ ചൊവാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

തലയിലെ നാലു മുറിവുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഇളയ മകന്‍ ശരത് മരണത്തില്‍ സംശയമുണ്ടെന്ന് പോലീസിനോടു പറഞ്ഞിരുന്നു. രമയെ ശശി ഉപദ്രവിച്ചതാകാം മരണകാരണമെന്നാണ് ശരത് പറഞ്ഞത്. എന്നാല്‍ താന്‍ മുറിയിലെത്തിയപ്പോള്‍ മൃതദേഹത്തിനരികില്‍ മകനുണ്ടായിരുന്നെന്ന് ശശിയും പറഞ്ഞു.

താന്‍ ആ സമയത്ത് ചേര്‍ത്തലയില്‍ എം.ബി.എ. പരീക്ഷയ്ക്കു പോയിരുന്നുവെന്ന് ശരത് പറഞ്ഞത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. രമയുടെ മൃതദേഹം സംസ്‌കരിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version