മഹാബലിപുരത്ത് നയന്‍താരയ്ക്ക് ഇന്ന് മാംഗല്യം

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന താരവിവാഹമാണ് നയന്‍താരയും വിഘ്നേഷ് ശിവനുമായുള്ളത്. എല്ലാ കാത്തിരിപ്പുകൾക്കും ഒടുവിൽ ഉത്തരവുമായാണ് മഹാബലിപുരത്ത് ഇരുവരും ഒന്നാകാൻ തീരുമാനിച്ചത്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകാൻ തീരുമാനിച്ചത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. ഇന്ന് രാവിലെ ചടങ്ങുകള്‍ ആരംഭിക്കും.

സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഒപ്പം തന്നെ നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ജവാന്‍’ലെ നായകന്‍ ഷാരൂഖ് ഖാനും ചടങ്ങിനെത്തുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ സ്ഥിരീകരണങ്ങളില്ല.

വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് കടക്കാൻ. വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നാണ് അതിഥികളോടുള്ള അഭ്യർത്ഥന. വിവാഹവേദിയിൽ സംഗീതപരിപാടിയും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇത് നയിക്കുന്നത് ആരാകുമെന്നതും സർപ്രൈസാണ്.

വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. താരവിവാഹങ്ങളുടെ ഒടിടി അവകാശം വില്‍പ്പനയാവുന്ന ട്രെന്‍ഡ് ഇന്ത്യയില്‍ ബോളിവുഡില്‍ നിന്ന് ആരംഭിച്ചതാണ്. കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ച് തുടങ്ങിയ പ്രണയം, ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതോടെയാണ് ആരാധകരും ഏറ്റെടുത്തത്. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version