KeralaNEWS

ജീവനക്കാരുടെ കണ്ണീര്‍ ആരെങ്കിലും കാണണം, ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും കൊടുക്കാതെ മേലധികാരികള്‍ക്ക് ശമ്പളം കൊടുക്കേണ്ടെന്ന് ഹൈക്കോടതി

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണെന്ന് സര്‍ക്കാര്‍; എയര്‍ ഇന്ത്യ വാങ്ങിയവര്‍ അതെങ്ങനെയാണ് ലാഭത്തിലാക്കുന്നതെന്ന് കോടതി

കൊച്ചി: ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അടക്കമുള്ള തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് മാത്രം ശമ്പളം നല്‍കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കെഎസ്ആര്‍ടിസിയുടെ ആസ്തിവിവരം വേണമെന്നും കോടതി ആവശ്യപ്പെട്ടു. ഉള്ള പൊതുഗതാഗതസംവിധാനങ്ങള്‍ നഷ്ടത്തില്‍ പോകുമ്പോള്‍ വരാനിരിക്കുന്നവയെ ജനം വിമര്‍ശിക്കുമെന്നും, അത് സാധാരണമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതിന് എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ജീവനക്കാരുടെ കണ്ണീര്‍ ആരെങ്കിലും കാണണമെന്ന് ഹൈക്കോടതി പറയുന്നു. ശമ്പളം കിട്ടാതെ ജീവനക്കാര്‍ക്ക് എങ്ങനെ ജീവിക്കാനാകും? ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത്? കെഎസ്ആര്‍ടിസി പോലെ ഇത്രയും പ്രശ്‌നങ്ങള്‍ ഉള്ള ഒരു സ്ഥാപനത്തില്‍ അത് വേണമായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു.

കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് നേരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. മാനേജ്‌മെന്റ് എന്ന് പറഞ്ഞാല്‍ വെറുതെ ഒപ്പിട്ടാല്‍ മാത്രം പോരാ. കെഎസ്ആര്‍ടിസി ലാഭകരമാക്കാന്‍ ഉള്ള തന്ത്രങ്ങള്‍ കൂടി വേണം. പല ഡിപ്പോകളിലും അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇപ്പോഴില്ല. എന്തുകൊണ്ടാണ് സ്വകാര്യ ബസ്സുകള്‍ ഇവിടെ നല്ല രീതിയില്‍ നിലനില്‍ക്കുന്നത്? കെഎസ്ആര്‍ടിസി ഓരോ സമയത്ത് ഓരോന്ന് കാട്ടിക്കൂട്ടുകയാണ്. ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചു.

എന്നാല്‍ സിഎംഡി മാത്രമാണ് സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നത് എന്ന് കെഎസ്ആര്‍ടിസി മറുപടിയായി വാദിച്ചു. 30 കോടി കിട്ടിയതല്ലേ, എന്നിട്ടും ഈ മാസത്തെ ശമ്പളം എന്തുകൊണ്ട് ജീവനക്കാര്‍ക്ക് നല്‍കിയില്ല എന്നും കോടതി ചോദിച്ചു. ഡീസല്‍ ഇല്ലാതെ വണ്ടി മുന്നോട്ടു പോകുമോ? അതുപോലെ ശമ്പളമില്ലാതെ മനുഷ്യന് എങ്ങനെ മുന്നോട്ടു പോകാനാകും? കെഎസ്ആര്‍ടിസിയുടെ വലിയ ബാധ്യതയില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. ബസ്സുകള്‍ തുരുമ്പ് എടുക്കുമ്പോഴാണ് നിങ്ങള്‍ കൂടുതല്‍ ബസ്സുകള്‍ വാങ്ങുന്നത്. കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ അവസ്ഥയെന്താണ്? കോടതി ചോദിച്ചു.

നിങ്ങള്‍ സമരം ചെയ്താല്‍ അത് സാധാരണ ജനങ്ങളെയാണ് ബാധിക്കുകയെന്ന് ഹൈക്കോടതി തൊഴിലാളിയൂണിയനുകളോട് പറഞ്ഞു. സിഎംഡിയ്ക്ക് സ്വന്തം കാറുണ്ട്. അദ്ദേഹം ആ കാറില്‍ വരും. ഇതുകൊണ്ടൊന്നും മാനേജ്‌മെന്‌റിനോട് നിങ്ങളുടെ പ്രശ്‌നം ഉന്നയിക്കാനാകില്ല. സര്‍ക്കാരിന് യൂണിയനുകള്‍ക്ക് മേലെ നിയന്ത്രണം ഇല്ലെന്നും കോടതി വിമര്‍ശിച്ചു.

എയര്‍ ഇന്ത്യ നഷ്ടത്തിലായിരുന്നു’

ഇന്ത്യയില്‍ എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണെന്ന് കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചപ്പോള്‍, എയര്‍ ഇന്ത്യ വാങ്ങിയവര്‍ അതെങ്ങനെയാണ് ലാഭത്തിലാക്കുന്നതെന്ന് കോടതി തിരിച്ച് ചോദിച്ചു. ഇതിന് പിന്നാലെയാണ്, ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അടക്കമുള്ള തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് മാത്രം ശമ്പളം നല്‍കരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടത്. കേസ് ഇനി ഈ മാസം 21-ന് പരിഗണിക്കും.

ബസ്സ് ക്ലാസ് മുറിയാക്കുന്നതിനെതിരെ കോടതി

ലാഭമില്ലാത്തതും കേടായതുമായ കെഎസ്ആര്‍ടിസി ബസ്സുകള്‍ ക്ലാസ് മുറികളാക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി. സര്‍ക്കാര്‍ ഈ വിഷയം ഇത്ര ലാഘവത്തോടെ എടുക്കരുത്. ഒരു യാഡില്‍ ബസ്സ് തുരുമ്പ് എടുത്താല്‍ അതിന് ആര്‍ക്കെങ്കിലും ഉത്തരവാദിത്തം ഉണ്ടാകുമായിരുന്നെങ്കില്‍ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഒരു കുട്ടിക്ക് ബസ്സില്‍ എത്ര കാലം ഇരുന്നു പഠിക്കാന്‍ കഴിയും? ക്ലാസ് നടത്തുന്നത് നിര്‍ത്തി സര്‍വീസ് നേരെയാക്കാന്‍ ആണ് നിങ്ങള്‍ നോക്കേണ്ടത് – ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Back to top button
error: