കസ്റ്റഡിയിലെടുത്തത് ലൈഫ് മിഷന്‍ കേസില്‍, ചോദിച്ചത് സ്വപ്‌നയുടെ മൊഴിയെപ്പറ്റി: സരിത്ത്

പാലക്കാട്: ലൈഫ് മിഷന്റെ വിജിലന്‍സ് കേസില്‍ കസ്റ്റഡിയില്‍ എടുക്കുന്നു എന്ന് പറഞ്ഞ് വിജിലന്‍സ് സംഘം ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്ത്. എന്നാല്‍ ലൈഫ് മിഷന്‍ സംബന്ധിച്ച് ഒന്നും ചോദിച്ചില്ലെന്നും ഇന്നലെ സ്വപ്ന നല്‍കിയ മൊഴി സംബന്ധിച്ചാണ് ചോദിച്ചതെന്നും സരിത് പറഞ്ഞു. നോട്ടീസ് നല്‍കാതെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും സരിത്ത് ആരോപിച്ചു.

ലൈഫ് മിഷന്റെ വിജിലന്‍സ് കേസില്‍ കസ്റ്റഡിയില്‍ എടുക്കുന്നു എന്നാണ് പറഞ്ഞത്. പക്ഷേ ചോദിച്ച ചോദ്യങ്ങള്‍ എല്ലാം ഇന്നലെ സ്വപ്നയുടെ മൊഴി സംബന്ധിച്ചാണ്. ആര് പറഞ്ഞിട്ടാണ് സ്വപ്ന മൊഴി കൊടുത്തത്, ആരാണ് നിര്‍ബന്ധിച്ചത് എന്നിവയൊക്കെയാണ് ചോദിച്ചത്. അത് മാത്രമാണ് ചോദിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒന്നും തന്നോട് ചോദിച്ചില്ലെന്നും സരിത്ത് പറഞ്ഞു.

വീട്ടിലുണ്ടായിരുന്ന സമയത്ത് മൂന്ന് ആളുകള്‍ വന്ന് ബെല്‍ അടിച്ചു. ഡോര്‍ തുറന്നപ്പോള്‍ വിജിലന്‍സുകാരാണ്. അവര്‍ ബലമായി പിടിച്ചുകൊണ്ടു പോകുകയാണ് ചെയ്തത്. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് അവരുടെ ഓഫീസില്‍വെച്ചു. മൊബൈല്‍ ഫോണ്‍ സീസ് ചെയ്യുന്നു എന്ന് കാണിച്ച് നോട്ടീസ് നല്‍കിയെന്നും സരിത്ത് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.

ഫ്ളാറ്റില്‍ നിന്ന് തന്നെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നും സരിത്ത് ആരോപിച്ചു. ഫ്ളാറ്റിലെ സിസിടിവി പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. എന്നാല്‍, സിസിടിവി ഇവര്‍ നശിപ്പിക്കുമോ എന്നറിയില്ല. ഫ്ളാറ്റിലെ എല്ലാവരും ഇതിന് സാക്ഷികളാണ്. ഒരു നോട്ടീസും നല്‍കാതെയാണ് കസ്റ്റഡിയിലെടുത്തത്. 16-ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് തന്നുവെന്നും സരിത്ത് കൂട്ടിച്ചേര്‍ത്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version