സ്വപ്നയുടെ ഫ്‌ലാറ്റില്‍ നിന്ന് സരിത്തിനെ കസ്റ്റഡിയിലെടുത്തത് വിജിലന്‍സ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സരിത്തിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് വിജിലന്‍സ് യൂണിറ്റെന്ന് സൂചന. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെടാണ് കസ്റ്റഡി. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം. ലൈഫ് മിഷന്‍ കേസില്‍ സരിത്തും പ്രതിയാണ്. സരിത്തിപ്പോള്‍ പാലക്കാട് വിജിലന്‍സ് ഓഫീസില്‍ ഉണ്ട്. നോട്ടീസ് നല്‍കി വിളിച്ചു വരുത്തി കൊണ്ടുപോയതാണെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാനാണ് സരിത്തിനെ വിജിലന്‍സ് കൂട്ടി കൊണ്ടുപോയതെന്നും വിശദീകരണം വരുന്നുണ്ട്.

പൂജപ്പുര സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1- ആണ് ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനോ, അതല്ലെങ്കില്‍ മൊഴിയെടുത്ത ശേഷം വിട്ടയക്കാനോ ആയിരിക്കും ഇപ്പോള്‍ പൊലീസിന്റെ നീക്കമെന്നാണ് സൂചന. സരിത്തിനെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് പ്രാദേശിക പൊലീസ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസെത്തി പരിശോധിച്ചു. വിജിലന്‍സാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെങ്കില്‍ കൃത്യമായ വിവരം പ്രാദേശിക പൊലീസിന് അറിയാമായിരുന്നില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഇന്ന് രാവിലെ പാലക്കാട്ട് വച്ച് മാധ്യമങ്ങളെ കണ്ട സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ചിരുന്നു. സ്വപ്ന സുരേഷ് അങ്ങോട്ട് സ്വയം ആവശ്യപ്പെട്ടാണ് ഇന്നലെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നല്‍കിയത്. 2016-ല്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെ കറന്‍സി കടത്തി, കോണ്‍സുലേറ്റില്‍ നിന്ന് ബിരിയാണിച്ചെമ്പില്‍ സ്വര്‍ണം പോലുള്ള ലോഹങ്ങളും ഉണ്ടായിരുന്നിരിക്കാം എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും സ്വപ്ന ഉന്നയിച്ചിരുന്നു. ഇതേ ആരോപണങ്ങള്‍ മുമ്പ് സരിത്തും ഉന്നയിച്ചിരുന്നതാണ്. ഈ സരിത്തിനെയാണ് ഒരു സംഘമിപ്പോള്‍ തട്ടിക്കൊണ്ട് പോയെന്ന് സ്വപ്ന ആരോപിക്കുന്നത്.

സ്വപ്നയുടെ ആരോപണമിങ്ങനെ: ”സിസിടിവിയും സെക്യൂരിറ്റിയുമുള്ള സ്റ്റാഫ് അക്കോമഡേഷനില്‍ നിന്ന് സരിത്തിനെ തട്ടിക്കൊണ്ട് പോയിരിക്കുകയാണ്. അതും പട്ടാപ്പകല്‍. അതായത് ഇനി അടുത്ത ടാര്‍ഗറ്റ് ഞാനാണ്. ഈ ഗുണ്ടായിസം നിര്‍ത്തണം. പ്ലീസ്. സത്യം മാത്രമേ ഞാന്‍ പറയുന്നുള്ളൂ. എന്നെ സഹായിക്കണം. ആര്‍ക്കും ആരെയും പട്ടാപ്പകല്‍ എന്തും ചെയ്യാം കേരളത്തില്‍. എന്റെ വീട്ടില്‍ നിന്ന് പട്ടാപ്പകലാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നത്. പൊലീസെന്ന് പറഞ്ഞിട്ടാണ് അവര് വന്നത്. യൂണിഫോമോ ഐഡി കാര്‍ഡോ അവര്‍ക്കുണ്ടായിരുന്നില്ല. ബില്‍ടെക് അവന്യൂ എന്ന് പറയുന്ന എന്റെ ഫ്‌ലാറ്റില്‍ നിന്നാണ് അവര്‍ സരിത്തിനെ പിടിച്ചുകൊണ്ട് പോയത്. ഇപ്പോഴാണ് അവര് സരിത്തിനെ കൊണ്ടുപോയത്. അവരെന്നെ ആക്രമിക്കാന്‍ തുടങ്ങുകയാണ്. രാവിലെ ഞാന്‍ മാധ്യമങ്ങളെ കണ്ട് പതിനഞ്ച് മിനിറ്റിന് ശേഷമാണിത്. അവര് പൊലീസല്ല. അവര് ഫോണ്‍ പോലും എടുക്കാന്‍ സമ്മതിക്കാതെയാണ് സരിത്തിനെ കൊണ്ടുപോയത്. സരിത്ത് എവിടെയാണ് എന്നറിയില്ല. സരിത്തിന്റെ വീട്ടുകാര് ഇത് കേള്‍ക്കുന്നുണ്ടെങ്കില്‍ ടെന്‍ഷനടിക്കരുത്. എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ സ്റ്റാഫാണ് സരിത്ത്. സരിത്തിന് വേണ്ട പ്രൊട്ടക്ഷന്‍ ഈ എന്‍ജിഒ കൊടുക്കും”, എന്ന് സ്വപ്ന പറയുന്നു.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version