ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും

ഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ സ്വകാര്യ ബാങ്കുകളെ കേന്ദ്രം അനുവദിച്ചേക്കും. ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ ലേലത്തില്‍ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേ സമയം ഇത് സംബന്ധിച്ച തീരുമാനങ്ങളൊന്നും കേന്ദ്രം പുറത്തു വിട്ടിട്ടില്ല. ഐഡിബിഐയെ ഏറ്റെടുത്ത് സ്വന്തം സ്ഥാപനവുമായി ലയിപ്പിക്കാനുള്ള അവസരമാണ് സ്വകാര്യ ബാങ്കുകള്‍ക്ക് ലഭിക്കുക. ലയന പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ബാങ്കുകള്‍ക്ക് ബിഡ് സമര്‍പ്പിക്കാനായേക്കും എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. റിസര്‍വ് ബാങ്ക് ആണ് ലയന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. ഒരു പ്രൊമോട്ടറിന് ഒന്നിലധികം ബാങ്കുകള്‍ നടത്താനുള്ള അംഗീകാരം റിസര്‍വ് ബാങ്ക് നല്‍കാറില്ല.

ബാങ്കുകളെയും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെയുമാണ് ഐഡിബിഐ ഏറ്റെടുക്കാന്‍ അനുയോജ്യരായി കേന്ദ്രം പരിഗണിക്കുന്നത്. കേന്ദ്രത്തിന് 45.48 ശതമാനവും എല്‍ഐസിക്ക് 49.24 ശതമാനവും ഓഹരികളാണ് ഐഡിബിഐ ബാങ്കിലുള്ളത്. ഐഡിബിഐയിലെ ഓഹരി വില്‍പ്പനയുടെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ മൂന്നുവരെ യുഎസില്‍ കേന്ദ്രം റോഡ്‌ഷോ നടത്തിയിരുന്നു.

ബാങ്കുകളുടെ ഉടമസ്ഥാവകാശത്തിനായുള്ള നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വകാര്യ പ്രൊമോട്ടര്‍മാര്‍ 15 വര്‍ഷത്തിനുള്ളില്‍ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കണം. എന്നാല്‍, ഐഡിബിഐ ബാങ്കിന്റെ കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കിയേക്കാം. അതേ സമയം പുതുയതായി എത്തുന്ന നിക്ഷേപകന്‍ 50 ശതമാനത്തില്‍ അധികം ഓഹരികള്‍ വാങ്ങിയാലും വോട്ടിംഗ് അവകാശം 26 ശതമാനമാക്കി പരിമിതപ്പെടുത്താനാണ് തീരുമാനം. ജൂണ്‍ അവസാനത്തോടെ ഐഡിബിഐ ഓഹരി വില്‍പ്പന സംബന്ധിച്ച് കേന്ദ്രം കൂടുതല്‍ വ്യക്തത നല്‍കിയേക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version