KeralaNEWS

തോട്ടപ്പള്ളിക്കാര്‍ക്ക് റോഡും തോടാണ്; 2006ല്‍ നിര്‍മ്മിച്ച റോഡില്‍ നിറയെ കുഴി, കാല്‍നട പോലും ദുഷ്‌കരം

ആലപ്പുഴ: തകർന്നടിഞ്ഞ് റോഡിലൂടെ കാൽനട യാത്രപോലും സാധ്യമല്ല, എന്നിട്ടും അറ്റകുറ്റപ്പണി നടത്താൻ ഇതുവരെയും തയ്യാറായിട്ടില്ല അധികൃതർ. ദേശീയപാതയിൽ മാത്തേരി ജംഗ്ഷന് തെക്ക് ഭാഗത്ത് തോട്ടപ്പള്ളി ഹാർബറിലേക്കുള്ള റോഡിലൂടെയുള്ല യാത്ര ദുരിതമാണ് ജനങ്ങൾക്ക്. 19 ലക്ഷം രൂപാ ചെലവിൽ 2006 ൽ തുറമുഖ വകുപ്പാണ് ഈ റോഡ് നിർമിച്ചത്. 950 മീറ്റർ നീളമുള്ള റോഡിൽ വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടന്നിട്ടില്ല.

ഇപ്പോൾ കുളത്തിന് സമാനമായ രീതിയിലാണ് ഈ റോഡ് കിടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് തൊഴിലാളികളാണ് തോട്ടപ്പള്ളി തുറമുഖത്തെത്താൻ ഈ റോഡിനെ ആശ്രയിക്കുന്നത്. ഇത് കൂടാതെ തീരദേശ പൊലീസ് സ്റ്റേഷൻ, തോട്ടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം, തുറമുഖ വകുപ്പ് എഞ്ചിനീയർ ഓഫീസ് എന്നിവിടങ്ങളിലേക്കും ദേശീയ പാതയിൽ നിന്ന് വളരെ വേഗമെത്താൻ കഴിയുന്ന റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം കുളമായി കിടക്കുന്നത്.

റോഡിനിരുവശവും മത്സ്യമേഖലയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ഐസ് പ്ലാൻ്റുകളsക്കം നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളും നാട്ടുകാരുമടക്കം നിരവധി പേരുടെ ആശ്രയമായ ഈ റോഡിനോട് അധികൃതർ കാട്ടുന്ന അവഗണനക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Back to top button
error: