യു.എ.ഇയില്‍ അഞ്ച് പേര്‍ക്കുകൂടി മങ്കി പോക്‌സ്

അബുദബി: യു.എ.ഇയില്‍ അഞ്ച് പേര്‍ക്കുകൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു. നേരത്തെ രോഗം ബാധിച്ച രണ്ട് പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി വര്‍ധിച്ചു. യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെടുത്തിട്ടുണ്ടെന്നും പൊതുജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ മങ്കിപോക്സ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപകമായി പടര്‍ന്നിട്ടില്ലെങ്കിലും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഏകദേശം 30 ശതമാനം കേസുകളിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുള്ള വ്യാപനം നടക്കുന്നുണ്ട്. ലോകത്ത് ഒരേ സമയം ഇത്രയധികം രാജ്യങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാവുന്നതും ഇത്രയധികം രോഗികള്‍ ഉണ്ടാവുന്നതും ഇതാദ്യമാണ്.

പോക്‌സ് വിറിഡേ കുടുംബത്തില്‍ പെട്ട ഓര്‍ത്തോപോക്‌സ് വൈറസാണാണ് മങ്കി പോക്‌സിന് കാരണമാകുന്നത്. മധ്യ ആഫ്രിക്കയിലെ കുരങ്ങുകള്‍ക്കിടയില്‍ കണ്ടിരുന്ന വൈറസ് 1980കളിലാണ് മനുഷ്യരിലേക്ക് പടര്‍ന്ന് തുടങ്ങിയത്. ചര്‍മത്തില്‍ തിണര്‍പ്പുകള്‍, മുഖത്തും ലൈംഗിക അവയവങ്ങളിലും കുരുക്കള്‍, പനി, അസഹനീയമായ കുളിര് എന്നിവയാണ് മങ്കി പോക്‌സിന്റെ പ്രധാന ലക്ഷണങ്ങള്‍. മങ്കി പോക്‌സ് ബാധിതരില്‍ വസൂരി രോഗത്തിന് സമാനമായ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version