കേരളത്തിൽ സ്വകാര്യ വ്യവസായ പാർക്കുകൾ വൈകില്ല; ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാനുള്ള നടപടി സംസ്ഥാന സർക്കാർ വേഗത്തിലാക്കുന്നു. കഴിഞ്ഞ ബജറ്റിലാണ് സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാൻ അപേക്ഷ ക്ഷണിക്കും. ഇതിനായുള്ള ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വ്യവസായ മന്ത്രി പി രാജീവാണ് ഉദ്ഘാടനം നിർവഹിക്കുക.

സംസ്ഥാനത്ത് 10 ഏക്കറിലധികം എസ്റ്റേറ്റ് ഉള്ളവര്‍ക്ക് പാര്‍ക്കിന്‍റെ ലൈസൻസിനായി അപേക്ഷിക്കാൻ കഴിയും. സ്വകാര്യ കമ്പനികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവക്ക് സർക്കാർ സഹായത്തോടെ വ്യവസായ പാർക്കുകൾ തുടങ്ങാം. ചുരുങ്ങിയത് പത്ത് ഏക്കർ സ്ഥലം വേണം. പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ പരമാവധി 3 കോടി രൂപ വരെ അനുവദിച്ച് നൽകും. വിശദാംശങ്ങള്‍ പരിശോധിച്ച് 7 വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും അന്തിമ അനുമതി ലഭിക്കുക.

മാർച്ച് അവസാനം വരെ 20 അപേക്ഷകൾ സ്വകാര്യ വ്യവസായ പാർക്കിനായി ലഭിച്ചിരുന്നു. മെയിൽ സ്വകാര്യ വ്യവസായ പാര്‍ക്കിന് കല്ലിടാനായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ആദ്യത്തെ പദ്ധതി. എന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ഇത് നീണ്ടുപോവുകയായിരുന്നു. സംസ്ഥാനത്ത് വ്യാവസായിക മേഖലയ്ക്ക് കൂടുതൽ ഉത്തേജനം നൽകാനാണ് സർക്കാരിന്റെ ശ്രമം. എന്നാൽ ഇതിന് സ്ഥലം കണ്ടെത്തുക വെല്ലുവിളിയായതോടെയാണ് സ്വകാര്യ ഭൂമികൾ കൂടി ഉപയോഗപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version