CrimeNEWS

ആ‍ർഡിഒ കോടതിയിൽ മുക്കുപണ്ടം വെച്ചും തട്ടിപ്പ്, ആകെ 100 പവനിലധികം തൊണ്ടിമുതൽ മോഷ്ടിച്ചു

തിരുവനന്തപുരം: ആ‍ർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതലായ സ്വർണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം വച്ചതായി കണ്ടെത്തി. ഇതുവരെ കാണാതായ 72 പവന് പുറമെയാണ് മുക്കുപണ്ടം വച്ചുള്ള തട്ടിപ്പ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ 100 പവനിലധികം തൊണ്ടി മുതൽ മോഷ്ടിക്കപ്പെട്ടുവെന്ന് കണ്ടെത്തി. സംഭവത്തിന് പിന്നില്‍ വൻ ഗൂഡാലോചന നടന്നുവെന്ന് ഇതോടെ വ്യക്തമാവുകയാണ്.

തിരുവനന്തപുരം ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന 72 പവൻ സ്വർണവും വെള്ളിയും പണവും മോഷണം പോയതായി സബ് കളക്ടറുടെയും പൊലീസിന്റെയും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2010 മുതൽ 2019 വരെ കോടതിയിലേക്കെത്തിയ സ്വർണമാണ് മോഷണം പോയത്. കഴി‍ഞ്ഞ ദിവസം തൊണ്ടി മുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പൊലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നി. പരിശോധിച്ചപ്പോഴാണ് സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചതായി വ്യക്തമായത്. 2018- 2020 വരെ ലോക്കറിലെത്തിയ സ്വർണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയത്. ഇതോടെ തൊണ്ടി മോഷണത്തിൽ വൻ ഗൂഡോലോചന നടന്നുവെന്ന് വ്യക്തമായി.

തൊണ്ടിമുതലിന്റെ കസ്റ്റോഡിയൻ സീനിയർ സൂപ്രണ്ടുമാരാണ്. സീനിയർ സൂപ്രണ്ടുമാരോ അല്ലെങ്കിൽ ലോക്കറിന്റെ താക്കോൽ സൂക്ഷിക്കുന്ന സ്ഥലമറിവുന്ന മറ്റോരാ ആണ് സ്വർണമെടുത്തിരിക്കുന്നത്. ചില ഉദ്യോഗസ്ഥരിലേക്ക് പൊലീസ് അന്വേഷണം എത്തിയിട്ടുണ്ട്. പല തവണയായി സ്വർണമെടുത്തുവെന്നാണ് നിഗമനം. കൂടുതൽ തെളിവുകള്‍ ലഭിച്ചാൽ അറസ്റ്റിലേക്ക് നീങ്ങും. 2017 മുതൽ 2021 ഫെബ്രുവരിയുള്ള തൊണ്ടി മുതൽ ഓഡിറ്റ് നടത്തിയ എ ജി എല്ലാം സുരക്ഷിതമെന്ന റിപ്പോർട്ടാണ് നൽകിയത്.

അതിനാൽ എജി ഓഡിറ്റിന് ശേഷം മോഷണം നടക്കാനാണ് സാധ്യതയെന്നാണ് പൊലീസ് കരുന്നത്. അതല്ലെങ്കിൽ പാക്കറ്റുകള്‍ തുറന്ന് പരിശോധിക്കാതെ എജി ഓഫീസിൽ നിന്നെത്തിയ ഓഡിറ്റ് സഘം റിപ്പോർട്ട് തയ്യാറാക്കാനാണ് സാധ്യത. ഓഡിറ്റ് സംഘത്തിന്റെ മൊഴിയെടുക്കാൻ പൊലീസ് എജിക്ക് കത്തു നൽകും. അതേ സമയം തൊണ്ടി മുതൽ മോഷണം വിജിലൻസിന് കൈമാറാൻ റവന്യൂമന്ത്രി ശുപാർശ ചെയ്തിട്ടും ഉത്തരവ് ഇതേവരെ ആഭ്യന്തരവകുപ്പിൽ നിന്നും ഇറങ്ങിയിട്ടില്ല.

Back to top button
error: