സ്വപ്നയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്ക് തുടരാനാകുമോയെന്ന് പൊളിറ്റ്ബ്യൂറോ ആലോചിക്കണമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: നാടിനെ അമ്പരപ്പിച്ച വസ്തുതാ പരമായ വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് നടത്തിയത് എന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. രാജ്യത്ത് ആദ്യമായാണ് സ്വർണ്ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി എത്തുന്നത്. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനാകുമോ എന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആലോചിക്കണമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

സിപിഎം പരസ്പര ധാരണയോടെ ബിജെപിയുമായി ഒത്തുതീർപ്പ് നടത്തുകയായിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലോടെ എല്ലാ ധാരണയും പൊളിഞ്ഞു. ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയ മുഖ്യമന്ത്രി നാടിന് അപമാനമാണ്.ആ സ്ഥാനത്ത് ഒരു മണിക്കൂർ പോലും ഇരിക്കാൻ മുഖ്യമന്ത്രിക്ക് അവകാശം ഇല്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസില്‍ താൻ പറഞ്ഞതെല്ലാം ശരിയായെന്നായിരുന്നു മുന്‍ പ്രതിപക്ഷനേതാവ് രമേശ ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയും ഓഫീസും അറിഞ്ഞുകൊണ്ട് തന്നെയാണ് സ്വർണ്ണക്കടത്ത് നടന്നത് എന്ന് തെളിയുന്നു. അന്ന് കേന്ദ്ര ഏജൻസികൾ മര്യാദക്ക് അന്വേഷിച്ചിരുന്നു എങ്കിൽ സത്യം നേരത്തെ പുറത്ത് വരുമായിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വർണ്ണ കടത്ത് കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിരിയാണി ചെമ്പ് കൊണ്ട് മൂടി വച്ചാലും സത്യം പുറത്തു വരും തെരഞ്ഞെടുക്കപെട്ടത് കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. സർവീസിൽ തിരിച്ചെടുത്തത് കൊണ്ട് സത്യം ഇല്ലാതാകുന്നില്ല. സ്വപ്നയുടെ വെളിപ്പെടുത്തൽ അന്വേഷണ ഏജൻസികൾ ഗൗരവത്തോടെ കാണണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version