KeralaNEWS

മിന്നല്‍ പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യമന്ത്രിക്ക് നല്‍കിയ ചോറില്‍ തലമുടി

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന് നല്‍കിയ ചോറില്‍ തലമുടി. തുടര്‍ന്ന് ഭക്ഷണം മാറ്റി നല്‍കി. സംസ്ഥാനത്ത് നടന്നുവരുന്ന ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായാണ് മന്ത്രി സ്‌കൂളിലെത്തിയത്.

പരിശോധനയ്ക്കിടെ മന്ത്രിക്ക് ചോറ് നല്‍കിയിരുന്നു. ഈ ചോറിലാണ് തലമുടി കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷണം മാറ്റി നല്‍കുകയായിരുന്നു. അതേസമയം, വിദ്യാര്‍ഥികളിലെ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍നടത്തുന്ന പരിശോധന ഇന്നും തുടരും. ആരോഗ്യ വിദ്യാഭ്യാസ ഭക്ഷ്യ വകുപ്പുകളാണ് പരിശോധന നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് പാചകപ്പുരയിലെ പാത്രങ്ങള്‍ സംബന്ധിച്ച് നത്തിയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും. പല സ്‌കൂളുകളിലും ആവശ്യത്തിന് പാചക ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രി കണ്ടെത്തി.

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിലെ സ്‌കൂളില്‍ അരി വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത്തരം സ്‌കൂളുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് അധികൃതരുടെ തീരുമാനം. കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് മുഖ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച ശേഷം പറഞ്ഞു. സ്‌കൂളുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. അധ്യാപകരും മാതാപിതാക്കളും ശ്രദ്ധ പുലര്‍ത്തണം. സ്‌കൂളുകളിലെ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി പറഞ്ഞു.

 

Back to top button
error: