500 ചതുരശ്ര അടി വീടുകൾക്ക് കെട്ടിട നികുതി: സംസ്ഥാനം ജനങ്ങളെ കൊള്ളയടിക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: 500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിടനികുതി ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിലവിൽ 1076 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്കാണ് നികുതി അടയ്ക്കേണ്ടതെന്നിരിക്കെ പാവങ്ങളെ ദ്രോഹിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. സർക്കാരിന്റെ കടംവീട്ടാൻ ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. കേന്ദ്രസർക്കാർ നികുതി സ്ലാബിൽ ഇളവ് വരുത്തുമ്പോൾ സംസ്ഥാന സർക്കാർ നികുതി സ്ലാബിന്റെ നിരക്ക് കൂട്ടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

1000 ചതുരശ്ര അടിയിൽ താഴെയുള്ളവർ സാധാരണക്കാരായിരിക്കുമെന്നറിഞ്ഞിട്ടും സംസ്ഥാന ധനകാര്യകമ്മിഷന്റെ ശുപാർശ ഉൾക്കൊണ്ട് മന്ത്രിസഭ ഈ തീരുമാനമെടുത്തത് ന്യായീകരിക്കാനാവില്ല. സമ്പന്നരിൽ നിന്നും നികുതി ഈടാക്കാത്ത പിണറായി സർക്കാർ പാവപ്പെട്ടവരെ കൂടുതൽ കൂടുതൽ പിഴിയുകയാണ്. ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സർക്കാർ കെട്ടിടനികുതി അടിച്ചേൽപ്പിച്ച് ജനങ്ങൾക്ക് ജീവിക്കാൻ വയ്യാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version