KeralaNEWS

സിൽവർലെെൻ പദ്ധതിയിൽ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സർക്കാർ

സിൽവർലെെൻ പദ്ധതിയിൽ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സർക്കാർ. പദ്ധതിയുടെ ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് കത്തെഴുതിയത്. സംയുക്ത സർവ്വേ മുന്നേറിയെന്നതടക്കം കാണിച്ചാണ് കേന്ദ്രാനുമതി വേഗത്തിലാക്കാനുള്ള കേരളത്തിൻറെ ശ്രമം.2020 ജൂൺ 17 നാണ് ഡിപിആർ സമർപ്പിച്ചത്.

 

ഡിപിആറിന് അനുമതി തേടി കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. അനുകൂല പ്രതികരണമാണെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടെങ്കിലും നടപടികളുണ്ടായില്ല. തൃക്കാക്കര വോട്ടെടുപ്പിന് ഒരാഴ്ച മുൻപാണു ചീഫ് സെക്രട്ടറി കത്തയച്ചത്. ബോർഡ് നിർദേശിച്ച നടപടിക്രമങ്ങളുടെ തൽസ്ഥിതി വിവരിച്ചും സംയുക്ത സർവേ പൂർത്തിയാകുന്ന മുറയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുമാണു കത്ത്. എന്നാൽ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. കേന്ദ്ര നിലപാട് അറിഞ്ഞതിന് ശേഷം തുടർനടപടി സ്വീകരിക്കാനാണ് സംസ്ഥാനത്തിൻറെ നീക്കം.

കഴിഞ്ഞ ഡിസംബറിൽ റെയിൽവേ ബോർഡുമായി ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ചയിൽ, റെയിൽവേ ഭൂമി സംബന്ധിച്ച സംശയങ്ങളുന്നയിച്ചാണ് കേന്ദ്രം ഡിപിആർ മാറ്റിവച്ചത്. അലൈൻമെന്റിൽ ഉൾപ്പെടുന്ന റെയിൽവേ ഭൂമി സംബന്ധിച്ച കൂടുതൽ സാങ്കേതിക രേഖകൾ ബോർഡ് ആവശ്യപ്പെട്ടു. ദക്ഷിണ റെയിൽവേയുമായി ചേർന്നു സംയുക്ത സർവേ നടത്താനും നിർദേശിച്ചിരുന്നു. ഈ സർവേയുടെ ടെൻഡർ നടപടികൾ കെ–റെയിൽ പൂർത്തീകരിച്ച സാഹചര്യത്തിലാണ് അനുമതി തേടി വീണ്ടും കേന്ദ്രത്തെ സമീപിച്ചത്.

Back to top button
error: