KeralaNEWS

മതാധിപത്യ രാജ്യത്തിനുള്ള ശ്രമം, ഇന്ത്യക്ക് നാണക്കേട്; ബിജെപിയിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനെന്നും സതീശൻ

തിരുവനന്തപുരം: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ഇന്ത്യയെന്ന മതേതര രാഷ്ട്രത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ബിജെപി വക്താക്കൾ. പ്രവാചകനെയും ഒരു മതത്തെയും അവഹേളിച്ചതിലൂടെ ബി ജെ പി ഇന്ത്യയെ ഒരു മതാധിപത്യ രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മൾ പടുത്തുയർത്തിയതും നെഞ്ചിലേറ്റിയതും എല്ലാം തകർത്ത് നരകിപ്പിക്കുന്ന ഒരു പാർട്ടിയിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്നും സതീശൻ ചോദിച്ചു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ബിജെപി വക്താക്കളുടെ പ്രവാചക നിന്ദാ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് സംഘപരിവാർ ശക്തികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൽ ഏറ്റവും പുതിയ അധ്യായമാണ് പ്രവാചകനെതിരായി പ്രസ്താവനകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബിജെപി നേതാവിന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ഓരോ പൗരനും അയാൾക്ക് ഇഷ്ടമുള്ള മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശം നൽകുന്ന നമ്മുടെ ഭരണഘടനയെ അവർ തീർത്തും അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു മതസ്ഥന്റെ വിശ്വാസത്തേയും സംസ്കാരത്തേയും അവഹേളിക്കാനോ നിഷേധിക്കാനോ ഉള്ള അവകാശം ഭരണഘടന ആർക്കും നൽകുന്നില്ല. നാടിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങൾക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. വർഗീയ ശക്തികൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും ഒറ്റക്കെട്ടായ എതിർപ്പ് ഉയർന്നു വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Back to top button
error: