KeralaNEWS

അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന് 3 കോടി

സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ധ പരിശീലനം

 

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിഗ് സെന്ററിന് (എ.ടി.ഇ.എല്‍.സി.) 3 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക സൗകര്യങ്ങളെയോടെയുള്ള അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിഗ് സെന്റര്‍ സജ്ജമാക്കുന്നതിനാണ് തുകയനുവദിച്ചത്. ഹൈ ഫിഡലിറ്റി സിമുലേറ്ററുകള്‍, വിവിധ മാനികിനുകള്‍ തുടങ്ങിയ പരിശീലന അനുബന്ധ സംവിധാനങ്ങള്‍ക്കാണ് തുകയനുവദിച്ചത്. ഈ സെന്റര്‍ വഴി ഇതുവരെ 11,000 പേര്‍ക്കാണ് വിദഗ്ധ പരിശീലനം നല്‍കിയത്. സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ട്രോമ ആന്റ് എമര്‍ജന്‍സിയില്‍ വിദഗ്ധ പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജുകളിലും പ്രധാന ആശുപത്രികളിലും എമര്‍ജന്‍സി ആന്റ് ട്രോമ കെയര്‍ സൗകര്യങ്ങള്‍ സജ്ജമാക്കി വരുന്നു. ഇതില്‍ ഏറ്റവും പ്രധാനമാണ് ജീവനക്കാര്‍ക്കുള്ള പരിശീലനം. ഒരാള്‍ അപകടത്തില്‍പ്പെട്ടാല്‍ ഗോള്‍ഡന്‍ അവറിനുള്ളില്‍ അയാളെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നില്‍ കണ്ടാണ് ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനായി അപെക്‌സ് ട്രോമ & എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ ആരംഭിച്ചത്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി വിവിധ തരം എമര്‍ജന്‍സി & ട്രോമ അനുബന്ധ കോഴ്‌സുകളാണ് ഈ സെന്ററില്‍ നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ഈ കേന്ദ്രത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, സിമുലേഷന്‍ ലാബുകള്‍, ഡീബ്രീഫിങ്ങ് റൂമുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പരിശീലനം നല്‍കുന്നതിന് ഉപയോഗിക്കുന്ന വിവിധതരം കൃത്രിമോപകരണങ്ങള്‍, മനുഷ്യശരീരത്തിനു സമാനമായ മാനികിനുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് പുതിയ സംവിധാനങ്ങള്‍ക്ക് തുകയനുവദിച്ചത്.

Back to top button
error: