LIFEMovie

പിറന്നാള്‍ പാര്‍ട്ടി കെണിയായി? ബോളിവുഡിനെ വിറപ്പിച്ച് കോവിഡ്; ഷാരൂഖ് ഖാന്‍ , കത്രീന കൈഫ്, വിക്കി കൗശല്‍ തുടങ്ങി അന്‍പതോളം പേര്‍ പോസിറ്റീവ്

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ പിറന്നാള്‍ വിരുന്നില്‍ പങ്കെടുത്ത അന്‍പതു പേര്‍ കോവിഡ് പോസിറ്റീവ് ആയതായി റിപ്പോര്‍ട്ട്. മേയ് 25ന് യാഷ് രാജ് സ്റ്റുഡിയോസില്‍ വച്ചാണ് വലിയ താരനിര പങ്കെടുത്ത കരണ്‍ ജോഹറിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, ഹൃത്വിക് റോഷന്‍, രവീണ ഠണ്ടന്‍, മാധുരി ദീക്ഷിത് തുടങ്ങി ഒട്ടനവധി ബോളിവുഡ് താരങ്ങള്‍ ചടങ്ങില്‍ അതിഥികളായിരുന്നു. കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ കത്രീന കെയ്ഫിനും കോവിഡ് സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ഇതോടെയാണ് കോവിഡ് ബാധിച്ചത് കരണ്‍ ജോഹറിന്റെ ജന്മദിന പാര്‍ട്ടിയില്‍ നിന്നാണെന്ന ആശങ്ക ശക്തമായത്. വിക്കി കൗശല്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരും കോവിഡ് ബാധിച്ച വിവരം പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇവരെ കൂടാതെ പാര്‍ട്ടിയില്‍ പങ്കെടുത്ത, കരണ്‍ ജോഹറിന്റെ സിനിമാ താരങ്ങളല്ലാത്ത സുഹൃത്തുക്കള്‍ക്കും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. അവര്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടിയില്‍ പങ്കെടുക്കാത്ത കാര്‍ത്തിക് ആര്യനും കോവിഡ് ബാധിതനാണ്. വിരുന്നില്‍ പങ്കെടുത്തവരുമായി കാര്‍ത്തിക് സമ്പര്‍ക്കം പുലര്‍ത്തിയതിനാലാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ബോളിവുഡ് താരങ്ങള്‍ക്കിടയിലും വൈറസ് പകരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. മുംബൈയില്‍ 961 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 917-പേരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ്. 44 പേരാണ് ഞായറാഴ്ച ചികിത്സ തേടി ആശുപത്രിയിലെത്തിയത്. കോവിഡ് ബാധിച്ച് ഒരാള്‍ ഞായറാഴ്ച മരിച്ചു. ഇതോടെ ആകെ മരണം 19,569-ലേക്കുയര്‍ന്നു. നിലവില്‍ നഗരത്തില്‍ ചികിത്സയിലുള്ളവര്‍ 4,880 പേരാണ്. ഈ രീതിയില്‍ രോഗികളുടെ എണ്ണം കൂടിയാല്‍ മുഖാവരണം ധരിക്കേണ്ടത് നിര്‍ബന്ധമാക്കേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ഒരിടവേളയ്ക്ക് ശേഷം രാജ്യത്തു കോവിഡ് വ്യാപനം ശക്തമാകുകയാണ്. മൂന്ന് മാസത്തിന് ശേഷം ആദ്യമായി 4,000 ന് മുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് രാജ്യത്തെ ടി.പി.ആര്‍. നിരക്ക് ഒരു ശതമാനത്തിന് മുകളിലെത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 24,052 ആയി ഉയര്‍ന്നു. 15 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യമൊട്ടുക്കും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നാല് മരണവും. ഇതോടെ രാജ്യത്ത് ആകെ സര്‍ക്കാര്‍ കണക്കില്‍ മരണസംഖ്യ 5,24,692 ആയി. അതേസമയം, 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കേരളത്തില്‍ പ്രതിദിനം 1500 ന് മുകളിലാണ് രോഗം സ്ഥിരീകരിക്കുന്നത്. പരിശോധന കുറവുള്ളപ്പോഴാണ് ഈ നിരക്കെന്നതും ശ്രദ്ധേയം.

Back to top button
error: