BusinessTRENDING

ആര്‍ബിഐയുടെ പണനയ അവലോകന യോഗം ഇന്ന് മുതല്‍; നിരക്ക് വര്‍ധനയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: ആര്‍ബിഐയുടെ പണനയ അവലോകന യോഗം ഇന്ന് ആരംഭിക്കുന്നു. പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകളൊന്നും കാണിക്കാത്തതിനാല്‍,  പണനയ അവലോകനത്തില്‍ ആര്‍ബിഐ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന. കുറഞ്ഞത് 35 ബേസിസ് പോയിന്റ് വര്‍ധനയാകും പലിശ നിരക്കിലുണ്ടാകുക എന്നും, വരും മാസങ്ങളില്‍ റീപ്പോ നിരക്കില്‍ വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ ജൂണ്‍ 8 വരെയാകും പണനയ അവലോകന കമ്മറ്റിയുടെ യോഗം നടക്കുക. ശേഷം 8ന് പുതിയ നിരക്കുകള്‍ ആര്‍ബിഐ ഗവര്‍ണര്‍ പ്രഖ്യാപിക്കും.

രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് സകല നിയന്ത്രണങ്ങളും ഭേദിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കാണുന്നത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 7.79 ശതമാനമാണ് ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക്. ഇത് എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഭക്ഷ്യ എണ്ണയുടേയും, ഇന്ധനത്തിന്റെയും വിലവര്‍ധനയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ തുടര്‍ച്ചയായ നാലാം മാസമാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ സഹിഷ്ണുതാ പരിധിയായ 6 ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്. മാര്‍ച്ചില്‍ പണപ്പെരുപ്പ നിരക്ക് 6.95 ശതമാനത്തിലേക്ക് എത്തിയിരുന്നു.

ഭക്ഷ്യോത്പന്നങ്ങളുടെ പണപ്പെരുപ്പം മാര്‍ച്ചില്‍ 7.68 ശതമാനമായിരുന്നത് ഏപ്രിലില്‍ 8.38 ശതമാനമായി ഉയര്‍ന്നു. പച്ചക്കറി വിലവര്‍ധനയും, പണപ്പെരുപ്പത്തിന് കാരണമായെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പണപ്പെരുപ്പത്തെ തുടര്‍ന്ന് മെയ് നാലിന് ആര്‍ബിഐ റീപ്പോ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.40 ശതമാനമായാണ് റീപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് റീപ്പോ നിരക്കില്‍ വര്‍ധനയുണ്ടാകുന്നത്.

Back to top button
error: