KeralaNEWS

പൂട്ടിയ മദ്യ വിൽപനശാലകൾ തുറക്കാൻ കൺസ്യൂമർഫെഡും

തിരുവനന്തപുരം: മുൻപു പൂട്ടിയ മദ്യ വിൽ‌പനശാലകൾ തുറക്കാൻ ബവ്റിജസ് കോർപറേഷൻ തീരുമാനിച്ചതിനു പിന്നാലെ തങ്ങൾ പൂട്ടിയ 10 മദ്യ വിൽപനശാലകൾ തുറക്കാൻ കൺസ്യൂമർഫെഡും. കടയ്ക്കുള്ളിൽ കയറി ആവശ്യമുള്ള മദ്യം തിരഞ്ഞെടുക്കാൻ സൗകര്യമുള്ള പ്രീമിയം ഷോപ്പുകളായാണ് ഇവ തുറക്കുക.

കേശവദാസപുരം, കുളത്തൂപ്പുഴ, കോട്ടയം, പീരുമേട്, മൂവാറ്റുപുഴ, പാലക്കാട്, കൊഴിഞ്ഞാമ്പാറ, ബാലുശേരി, മേപ്പാടി, കാസർകോട് എന്നിവിടങ്ങളിലാണ് ഷോപ്പുകൾ തുറക്കുന്നത്. ഇതിനായി കൺസ്യൂമർഫെഡ് എംഡിക്കും എക്സൈസ് കമ്മിഷണർക്കും നിർദേശം നൽകി നികുതി വകുപ്പ് ഉത്തരവിറക്കി.

മദ്യവിൽപനശാലകളിലെ തിരക്ക് കുറയ്ക്കാൻ നടപടിയെടുക്കുമെന്നും പൂട്ടിപ്പോയവ തുറക്കുമെന്നുമുള്ള പുതിയ മദ്യനയത്തിലെ നിലപാട് കണക്കിലെടുത്താണ് 10 ഷോപ്പുകൾ തുറക്കുന്നതെന്ന് ഉത്തരവിൽ സർക്കാർ പറയുന്നു. ബവ്റിജസ് കോർപറേഷന്റെ 68 മദ്യവിൽപനശാലകളാണു മുൻപു പൂട്ടിയത്.

ഇവ തുറക്കാൻ തീരുമാനിച്ച് രണ്ടാഴ്ച മുൻപ് ഉത്തരവിറക്കിയിരുന്നു. തിരക്കു കുറയ്ക്കാൻ 175 പുതിയ മദ്യശാലകൾ കൂടി ആരംഭിക്കണമെന്ന ബവ്കോ എംഡിയുടെ ശുപാർശയും സർക്കാരിന്റെ പരിഗണനയിലാണ്.

ശുപാർശ പൂർണമായി അംഗീകരിച്ചാൽ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകൾ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 562 മദ്യവിൽപന ശാലകളാകും. നിലവിൽ ബവ്കോയ്ക്കും കൺസ്യൂമർഫെഡിനുമായി 306 മദ്യശാലകളാണുള്ളത്. കൺസ്യൂമർഫെഡിന് 3 ബീയർ വിൽപന കേന്ദ്രങ്ങളുമുണ്ട്.

Back to top button
error: