CrimeNEWS

കൊടിമരം ഒടിച്ചു, തര്‍ക്കം: എസ്എഫ്ഐ- എഐഎസ്.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി ഏഴ് പേര്‍ക്ക് പരിക്ക്

അരൂര്‍: കൊടിമരം ഒടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ചന്തിരൂരില്‍ എസ്എഫ്ഐ- എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരുസംഘടനകളിലുമുള്ള നേതാക്കളടക്കം ഏഴ് പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ ഒരാള്‍ ഡിവൈഎഫ്ഐ.ഭാരവാഹിയാണ്.സംഭവത്തെ തുടര്‍ന്ന് വൈകിട്ട് സിപിഐയുടേയും, എസ്എഫ്ഐ. ഡിവൈഎഫ്ഐപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങളും സമ്മേളനവും നടത്തി.

എഐഎസ്എഫ്. സംസ്ഥാന സമിതിയംഗം വിഎന്‍ അല്‍ത്താഫ്, മേഖലാ സെക്രട്ടറി കെപി അനീഷ്, എസ്എഫ്ഐ. അരൂര്‍ ഏരിയാ സെക്രട്ടറി കെജെ.ജയകൃഷ്ണന്‍, പ്രസിഡന്റ് അമല്‍ ബിജു, ഏരിയാക്കമ്മിറ്റിയംഗം യദുകൃഷ്ണന്‍,ചന്തിരൂര്‍ മേഖലാ സെക്രട്ടറി വി.ജെ ആദര്‍ശ്, ഡിവൈഎഫ്ഐ ചന്തിരൂര്‍ മേഖലാസെക്രട്ടറി കെബി ബിപിന്‍ എന്നിവര്‍ക്കാണ് പരിക്ക്. അല്‍ത്താഫും അനീഷും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. തലക്കടിയേറ്റ അല്‍ത്താഫിനെ സിടി സ്‌കാനിംഗിന് വധേയനാക്കി.

എസ്എഫ് ഐ-ഡവൈഎഫ്ഐ പ്രവര്‍ത്തകര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇതില്‍ ബിപിന് കൈക്ക് പൊട്ടലുണ്ട്. സ്‌കൂള്‍ തുറക്കുന്ന ദിവസം ചന്തിരൂര്‍ സ്‌കൂളിന് മുന്നില്‍ സ്ഥാപിച്ച എസ്എഫ്ഐയുടെ കൊടിമരം ഒടിച്ചതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം ആരംഭിച്ചത്. ഈ വിഷയം ചര്‍ച്ചചെയ്ത സിപിഎം-സിപിഐ നേതാക്കള്‍ ചില ധാരണയില്‍ പ്രശ്‌നം ഒതുക്കിതീര്‍ത്തിരുന്നു. ഒടിച്ച കൊടിമരത്തിന് പകരം പുതിയ കൊടിമരം നല്‍കാമെന്നതായിരുന്നു പ്രധാന ഒത്തുതീര്‍പ്പ്.

പരിസ്ഥിതി ദിനത്തില്‍ സ്‌കൂളിന് മുന്നി്ല്‍ തൈകള്‍ നടുന്നതിനായി എസ്എഫ്ഐയും എഐഎസ്എഫ്. പ്രവര്‍ത്തകരും എത്തി. എന്നാല്‍ ധാരണ പ്രകാരമുള്ള കൊടിമരം സ്ഥാപിക്കാതെ പൂന്തോട്ടം ഒരുക്കുവാന്‍ കഴിയില്ലെന്ന നിലപാട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്വീകരിച്ചതോടെ തര്‍ക്കം ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുടേയും പരാതികളില്‍ അരൂര്‍ പൊലീസ് കേസെടുത്തു. പരിക്കേറ്റവരുടെ മൊഴികളും രേഖപ്പെടുത്തി.

സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എരമല്ലൂര്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ പ്രകനവും സമ്മേളനവും നടത്തി. ലോക്കല്‍ സെക്രട്ടറി രാജന്‍ ജോസഫ്, മണ്ഡലം കമ്മിറ്റിയംഗം എസ് അശോക് കുമാര്‍, ജയിജന്‍ ജോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതൃത്വത്തിലും പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. എസ്എഫ്ഐ അരൂര്‍ ഏരിയാ സെന്ററംഗം നന്ദു സുരേഷ്, ഡിവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് വികെ. സൂരജ്, മേഖലാ പ്രസിഡന്റ് രാഹുല്‍ പിപി, ട്രഷറര്‍ എം.സിറാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to top button
error: