NEWS

സമ്പന്നരുടെ പറുദീസ,ബനാന ദ്വീപിനെക്കുറിച്ച് അറിയാം

 ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ദ്വീപാണ് നൈജീരിയയിലെ ബനാന ദ്വീപ് (Banana Island). നൈജീരിയയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ആഡംബരത്തിന്റെ പ്രതീകമാണ്. അവിടെ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാരാണ് എന്നതാണ് പ്രത്യേകത. നൈജീരിയയിലെ അഗോസിലാണ് ഈ കൃത്രിമദ്വീപ് നിർമിച്ചിരിക്കുന്നത്.
വാഴപ്പഴത്തിന്റെ ആകൃതിയിലാണ് ദ്വീപുള്ളത്. അതിനാലാണ് ഇതിനെ ബനാന ദ്വീപ് എന്ന് വിളിക്കുന്നത്. സാധാരണക്കാർക്ക് ദ്വീപിൽ വീട് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. പാരീസ്, ന്യൂയോർക്ക്, ടോക്കിയോ തുടങ്ങിയ നഗരങ്ങളോട് കിടപിടിക്കാൻ തക്ക സൗകര്യങ്ങളും, മോടിയും ശതകോടീശ്വരന്മാരുടെ ഈ ദ്വീപിനുണ്ട്. നൈജീരിയയിലെ ഏറ്റവും തിരക്ക് പിടിച്ച നഗരങ്ങളിൽ ഒന്നാണ് ലാഗോസ്. അതിന്റെ ബഹളങ്ങളിൽ നിന്നെല്ലാം മാറി ശാന്തവും സ്വസ്ഥമായി താമസിക്കാൻ ആഗ്രഹിച്ചാണ് സമ്പന്നർ നൈജീരിയയിൽ ഈ കൃത്രിമ ദ്വീപ് സൃഷ്ടിച്ചിട്ടുള്ളത്.
സിവിൽ എഞ്ചിനീയറും, സിറ്റി പ്രോപ്പർട്ടി ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ സിഇഒയുമായ, പരേതനായ ചീഫ് അഡെബയോ അഡെലെക്കെയാണ് ഈ ആശയത്തിന് പിന്നിൽ. 1.6 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപ് 2003 -ലാണ് നിർമ്മിച്ചത്. മണൽതിട്ടിലാണ് ഈ ദ്വീപ് നിർമ്മിച്ചിരിക്കുന്നത്. ദ്വീപിലെ ഭൂമിക്കും വീടുകൾക്കും കോടികൾ വില വരും. ദ്വീപിനെ 535 പ്ലോട്ടുകളായി തിരിച്ചിരിക്കുന്നു.
ഇവിടുത്തെ ഏറ്റവും ചെറിയ വീടുകൾക്ക് വരെ 21 കോടി രൂപയോളം വില വരുമെന്നാണ് പറയുന്നത്.2600 ചതുരശ്ര അടിയുള്ള 6 കിടപ്പുമുറികളുള്ള വീടാണെങ്കിൽ, 100 കോടിയ്ക്ക് മുകളിൽ വില വരുമെത്രെ !!
ബനാന ദ്വീപിലേയ്ക്ക് കടക്കാൻ ഒരു കവാടം മാത്രമാണ് ഉള്ളത്. ഇവിടെ ഭൂമിക്കടിയിലൂടെയാണ് വൈദ്യുത, ജലവിതരണ സംവിധാനങ്ങൾ. ലോകത്തിലെ ഏറ്റവും മോശം വൈദ്യുതി വിതരണമുള്ള രണ്ടാമത്തെ രാജ്യമാണ് നൈജീരിയ. എന്നിട്ടും ദ്വീപിൽ 24 മണിക്കൂറും വൈദ്യുതി വിതരണമുണ്ട്. കൂടാതെ, അതീവസുരക്ഷ, നല്ല റോഡുകൾ, മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയുമുണ്ട്. ഇത് കൂടാതെ ഫാമിലി പാർക്കുകൾ, മാളുകൾ, സ്വന്തമായൊരു ബസ് സംവിധാനം, മതകേന്ദ്രങ്ങൾ, ഗോൾഫ് കോഴ്‌സ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
ദ്വീപിലെ കടകളും, ഷോറൂമുകളും വളരെ ചെലവേറിയതാണ്. ദ്വീപിന്റെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വളരെ പ്രാധാന്യം കൊടുക്കുന്നവരാണ് അവിടെയുള്ളവർ. ആരെങ്കിലും ക്ഷണിച്ചാൽ മാത്രമേ ആ ദ്വീപിനകത്തേയ്ക്ക് നമുക്ക് കടക്കാൻ സാധിക്കൂ. അതുകൊണ്ട് തന്നെ അപരിചിതർക്ക് അതിനകത്ത് പ്രവേശനമില്ല. അതേസമയം അവിടങ്ങളിൽ വീടുകൾ വാടകയ്ക്ക് ലഭ്യമാണ്. എന്നാൽ, വാടകയിനത്തിൽ കോടികൾ നൽകണം എന്നതുകൊണ്ട് അതും സമ്പന്നർക്ക് മാത്രമാണ് ആസ്വദിക്കാൻ സാധിക്കുക.!!

Back to top button
error: