KeralaNEWS

ഗുരുവായൂരിലെ പ്രവാസിയുടെ വീട്ടിലെ സ്വർണ്ണക്കവർച്ച, രണ്ടര കിലോ സ്വർണവും 35 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു

   ഗുരുവായൂരിലെ പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്ന് മോഷണം പോയ 2.5 കിലോ സ്വർണ്ണവും 35 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. പ്രതി ധർമ്മരാജ് എടപ്പാളിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ നിന്നാണ് പൊലീസ് ഇത് കണ്ടെടുത്തത്. അടുക്കളക്ക് മുകളിലെ ചിമ്മിനിക്ക് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ബാഗിനുള്ളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. ബിസ്‌കറ്റ് രൂപത്തിലുള്ള ഒരു കിലോ സ്വർണ്ണക്കട്ടി, സ്വർണ വ്യാപാരികൾക്ക് വിൽപന നടത്തിയതിൽ നിന്ന് കണ്ടെത്തിയ ഉരുക്കിയ ഒരു കിലോയോളം സ്വർണകട്ടി ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് വാങ്ങിയ100 ഗ്രാം തങ്ക കട്ടി, ബാലന്റെ മകളുടെ15 പവന്റെ താലിമാല, രണ്ട് നെക്ക്‌ലേസുകൾ, മൂന്ന് കമ്മൽ, ഒരു കൈ ചെയിൻ, ഒരു മാല എന്നിവയാണ് കണ്ടെടുത്ത സ്വർണം. ഇതൊടൊപ്പം ലഭിച്ച 35 ലക്ഷം രൂപ പ്രതിക്ക് സ്വർണ്ണം വിറ്റ് കിട്ടിയതായിരുന്നു. 500 ന്റെ നോട്ടു കെട്ടുകളായി പ്ലാസ്റ്റിക് ചാക്കിലാണ് സൂക്ഷിച്ചിരുന്നത്. മോഷ്ടിച്ച സ്വർണത്തിൽ ഭൂരിഭാഗവും കണ്ടെടുത്തതായി എ.സി.പി. കെ.ജി.സുരേഷ്, ഗുരുവായൂർ സി.ഐ പി.കെ. മനോജ് കുമാർ എന്നിവർ പറഞ്ഞു.
കണ്ടെടുത്ത സ്വർണ്ണവും പണവും തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ 12നാണ് തമ്പുരാൻപടി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷണം പോയത്. വീട്ടുകാർ തൃശൂരിൽ സിനിമക്ക് പോയ തക്കം നോക്കി വാതിൽ കുത്തിപൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മോഷണത്തിന് ശേഷം കുടുംബവുമൊത്ത് സംസ്ഥാനം വിട്ട പ്രതി ട്രിച്ചി സ്വദേശി ധർമ്മരാജിനെ കഴിഞ്ഞ 29ന് ചണ്ഡിഗഡ്ഡിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണ മുതൽ വിൽക്കാൻ സഹായിച്ച ധര്‍മ്മരാജിന്റെ സഹോദരന്‍ ചിന്നരാജ് എന്ന ചിന്നന്‍, ഇവരുടെ മാതാവിന്റെ സഹോദരി പുത്രന്‍ കുട്ടന്‍ എന്ന രാജു എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സഹോദരനെ കൂടി പിടികിട്ടാനുണ്ട്. റിമാൻഡിൽ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് സ്വർണവും പണവും കണ്ടെടുത്തത്. ഇവരെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.

മോഷ്ടിച്ച സ്വര്‍ണം വില്‍പ്പന നടത്താന്‍ സഹായിച്ചതിനാണ് പോലീസ് ചിന്നനെയും രാജുവിനെയുംകേസില്‍ പ്രതി ചേര്‍ത്തത്. കേസിലെ രണ്ടാം പ്രതിയായ ചിന്നന്‍ 2012ല്‍ പെരുമ്പാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ടാക്‌സി ഡ്രൈവറെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ മൂന്ന് വര്‍ഷം ജുവൈനല്‍ ഹോമിലെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ മോഷണ കേസിലും പ്രതിയാണിയാള്‍. ധര്‍മ്മരാജ് മോഷ്ടിച്ച് കൊണ്ടു വരുന്ന സ്വര്‍ണം സ്ഥിരമായി വില്‍പ്പന നടത്താന്‍ സഹായിച്ചിരുന്നത് ചിന്നനാണെന്നും പോലീസ് പറഞ്ഞു. മൂന്നാം പ്രതി രാജു മഞ്ചേരി സ്റ്റേഷനിലെ പോക്‌സോ കേസിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ധര്‍മ്മരാജില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടപ്പാളില്‍ നിന്നാണ് പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

Back to top button
error: