ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ (വിഐ). അടുത്ത 12 മാസത്തിനുള്ളല്‍ ഈ മേഖലയില്‍ ശക്തരായ 3-4 കമ്പനികളുമായി സേവനങ്ങള്‍ പങ്കുവെയ്ക്കുന്ന കാര്യത്തില്‍ കരാറിലെത്താനാണ് വിഐ ശ്രമിക്കുന്നത്. വിവിധ കമ്പനികളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വിഐ ആപ്പില്‍ ഉള്‍ക്കൊള്ളിക്കുകയാവും ചെയ്യുക.

കൂടുതല്‍ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ആപ്പിലെ പരസ്യവരുമാനം ഉയര്‍ത്തുകയും അതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ജിയോയും എയര്‍ടെല്ലും നല്‍കുന്നതിന് സമാനമായ സേവനങ്ങള്‍ അവതരിപ്പിക്കുകയുമാണ് വിഐയുടെ ലക്ഷ്യം. അതേ സമയം ജിയോയും എയര്‍ടെല്ലും പോലെ ഒന്നിലധികം ആപ്പുകള്‍ വിഐ പുറത്തിറക്കില്ല. നിലവില്‍ മ്യൂസിക് സ്ട്രീമിംഗ്, മൊബൈല്‍ റീചാര്‍ജ്, വിഐ മൂവീസ് & ടിവി, ഗെയിമിംഗ് തുടങ്ങിയ സേവനങ്ങള്‍ വിഐ ആപ്പില്‍ കമ്പനി നല്‍കുന്നുണ്ട്. ഇതിനൊപ്പം തന്നെ മറ്റ് സേവനങ്ങള്‍ അപ്ഡേറ്റിലൂടെ നല്‍കും.

അതേ സമയം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയുള്ള സേവനങ്ങളില്‍ ജിയോയും എയര്‍ടെല്ലും വിഐയെക്കാള്‍ ഏറെമുന്നിലാണ്. വിന്‍ക് മ്യൂസിക്, പേയ്മെന്റ് ആപ് എയര്‍ടെല്‍ താങ്ക്സ്, എയര്‍ടെല്‍ എക്സ്ട്രീം എന്നിങ്ങനെ മൂന്ന് ആപ്പുകളാണ് എയര്‍ടെല്ലിന് ഉള്ളത്. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ റിലയന്‍സിന്റെ ജിയോ ആണ്. ഇ-കൊമേഴ്സ് സേവനങ്ങള്‍ നല്‍കുന്ന ജിയോ മാര്‍ട്ട് അടക്കം ആറോളം ആപ്പുകള്‍ കമ്പനിക്ക് ഉണ്ട്. വിഐയില്‍ നിന്ന് വ്യത്യസ്തമായി ഇരുകമ്പനികളും സെറ്റ്ടോപ് ബോക്സ് ഉള്‍പ്പെടെ വില്‍ക്കുന്നുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version