ടെസ്ല ജീവനക്കാരുടെ എണ്ണം 10 ശതമാനം വെട്ടിക്കുറയ്ക്കുന്നു

ടെസ്ല ജീവനക്കാരുടെ എണ്ണം പത്ത് ശതമാനം കുറയ്ക്കുന്നു. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് തന്നെയാണ് ഈ വിവരം
പുറത്തുവിട്ടിട്ടുള്ളത്. ടെസ്ലയുടെ പുതിയ നിയമനങ്ങളും മസ്‌ക് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ലോക സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് നിയമനങ്ങള്‍ നിര്‍ത്തുന്നതെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ളവരുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ടെസ്ല ജീവനക്കാര്‍ക്ക് മസ്‌ക് ഇതിനോടകം തന്നെ ഇക്കാര്യം സൂചിപ്പിച്ച് ഇ-മെയില്‍ അയച്ചതായും റോയിട്ടേഴ്സ് പറയുന്നു. കഴിഞ്ഞ ദിവസം ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കാനും ഓഫീസിലേക്ക് തിരികെ വരാനും ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. തിരിച്ച് സ്ഥാപനങ്ങളില്‍ എത്തിയില്ലെങ്കില്‍ ജോലി വിട്ട് പോകാനും മസ്‌ക് ജീവനക്കാരോട് ആവശ്യപ്പെട്ടു. അതേസമയം ഇത്തരത്തിലുള്ള മനോഭാവത്തിനെതിരെ തിരിഞ്ഞ ഒരു കൂട്ടം ജീവനക്കാര്‍ കമ്പനി ഇ-മെയില്‍ പുറത്തുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

തിരിച്ച് ഓഫീസുകളില്‍ എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെട്ടതായി കണക്കാക്കിയാല്‍ മതിയെന്നാണ് മെയിലില്‍ മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്. ‘ഏറ്റവും കുറഞ്ഞത് ആഴ്ചയില്‍ 40 മണിക്കൂറെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണം. അല്ലാത്തപക്ഷം ജോലിയില്‍ നിന്ന് പുറത്തുപോകാം.’ എന്നാണ് ജീവനക്കാര്‍ക്ക് ലഭിച്ച മസ്‌കിന്റെ സന്ദേശം. ഇത് സോഷ്യല്‍ മീഡിയ സ്പേസുകളില്‍ സജീവ ചര്‍ച്ചയായി മാറി. അതിനുപിന്നാലെയാണ് മസ്‌ക് പുതിയ തീരുമാനവും പുറത്തിറക്കിയത്. പുതിയ ജീവനക്കാരെ കമ്പനി ഉടന്‍ നിയമിക്കുന്നില്ല എന്നു വാര്‍ത്തകളുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version