ഓണ്‍ലൈനായി മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചാലോ? പത്ത് മിനുറ്റിനകം ‘സാധനം’ കയ്യിലെത്തും; ഇന്ത്യയില്‍ തന്നെ ഇത്തരമൊരു സേവനം ആദ്യം

ഓണ്‍ലൈനായി ഭക്ഷണ-പാനീയങ്ങള്‍ നാം ഓര്‍ഡര്‍ ചെയ്യാറുണ്ട്, അല്ലേ? എന്നാല്‍ ഓണ്‍ലൈനായി മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചാലോ? പലയിടങ്ങളിലും നിലവില്‍ ഇതിനുള്ള സൗകര്യമുണ്ട്. എന്നാല്‍ അത്ര വ്യാപകമല്ല ഈ സൗകര്യം. അതോടൊപ്പം തന്നെ നിയമപ്രശ്നങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ഇന്ത്യയില്‍ പ്രത്യേകിച്ചും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാകുന്ന സാഹചര്യങ്ങള്‍ നന്നെ കുറവാണെന്ന് പറയാം. എന്നാലിപ്പോള്‍ കൊല്‍ക്കത്തയിലിതാ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ പത്ത് മിനുറ്റിനകം മദ്യം കയ്യിലെത്തുന്ന പുതിയ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്.

ഹൈദരാബാദ് കേന്ദ്രമായിട്ടുള്ള ‘ബൂസി’ എന്ന സ്റ്റാര്‍ട്ട്-അപാണ് ഇങ്ങനെയൊരു സൗകര്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍റെ അംഗീകാരത്തോടെയാണ് ഇവര്‍ പത്ത് മിനുറ്റ് കൊണ്ട് വീട്ടിലേക്ക് മദ്യമെത്തിച്ചുനല്‍കുന്ന സംവിധാനം തുടങ്ങിയിരിക്കുന്നത്.

ഇന്ത്യയില്‍ തന്നെ ഇത്തരമൊരു സേവനം ആദ്യമായാണ് ലഭ്യമാകുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓര്‍ഡര്‍ പ്ലേസ് ചെയ്ത ശേഷം അടുത്തുള്ള ഔട്ട്ലെറ്റില്‍ നിന്ന് മദ്യം വാങ്ങി പത്ത് മിനുറ്റിനകം ഉപഭോക്താവിന് എത്തിച്ചുനല്‍കുന്നതാണ് ഇവരുടെ രീതി.

അതേസമയം ഇങ്ങനെ എളുപ്പത്തില്‍ മദ്യം ലഭിക്കാന്‍ അവസരമുണ്ടായാല്‍ അത് പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്ന വാദവും ഉയരുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം ലഭിക്കാനുള്ള അവസരം, നിയമവിരുദ്ധമായി മദ്യം കൈകാര്യം ചെയ്യുന്ന സാഹചര്യം, അമിത മദ്യപാനം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് അധികപേരും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം നേരത്തെ തന്നെ തങ്ങള്‍ കണക്കിലെടുത്ത് പഠനവിധേയമാക്കിയിട്ടുണ്ടെന്നും ഇവയെല്ലാം ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ തങ്ങള്‍ കൈക്കൊണ്ടിട്ടുമുണ്ടെന്നാണ് കമ്പനി സിഇഒ വിവേകാനന്ദ് ബലിജെപാല്‍ അറിയിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version