ഒരു ജനനായകൻ എങ്ങനെയാവണം എന്ന് മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ട്, കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തി ചലച്ചിത്രതാരം അനുശ്രീ

നടനും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറിനെ പ്രശംസിച്ച്‌ നടി അനുശ്രീ. ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാണെന്ന് അനുശ്രീ ഫേസ്ബുക്കില്‍ കുറിച്ചു. ഗണേഷ് കുമാറിന്റെ മണ്ഡലത്തിലെ സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ നടത്തിയ പ്രസംഗം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അനുശ്രീ ഗണേഷിനെ പ്രകീര്‍ത്തിച്ച്‌ രംഗത്ത് വന്നത്

കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാണ്. പത്തനാപുരത്തിന്റെ ജനനായകന്‍ കെ.ബി ഗണേഷ്കുമാര്‍, ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍. മുമ്പൊക്കെ നാട്ടിലെ എല്ലാ പരിപാടികള്‍ക്കും സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന്‍ ആയിരുന്നു. അന്ന് സമ്മാനം ലഭിക്കുന്നതിനെക്കാൾ ആകാംക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നത് ഗണേഷ് കുമാര്‍ എന്ന സിനിമ നടനെ ആയിരുന്നു. സമ്മാനമായി അന്ന് കിട്ടുന്ന കുപ്പിഗ്ലാസുകള്‍ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്, അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി. അത് അന്ന് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയിരുന്നു.

ആ ചിരി ആണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാന്‍ കാരണം. പാര്‍ട്ടിക്ക് അതീതമായി, ജാതിഭേദമന്യെ, എന്തിനും ഗണേഷേട്ടന്‍ ഉണ്ട് എന്നുള്ളത് ഞങള്‍ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം ആണ്. ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഒരു പ്രോഗ്രാമില്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കി, അതുകൊണ്ട് തന്നെയാകാം പാര്‍ട്ടിക്ക് അതീതമായി വ്യക്തിപരമായ ഇഷ്ടം കൊണ്ട് താങ്കള്‍ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്…Keep Winning more and more Hearts … ഞങ്ങടെ സ്വന്തം ഗണേഷേട്ടന്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version