KeralaNEWS

ഉമ മുന്നേറുന്നു, ലീഡ് 11000 ലെത്തി, വിജയം ഉറപ്പിച്ചു

രാഷ്ട്രീയ കേരളം ആവേശത്തോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ലീഡ് 11000 അടുക്കുന്നു. ഉമ തോമസ് വിജയം ഉറപ്പിച്ചു. തുടക്കം മുതൽ വ്യക്തമായ ലീഡോടെ യുഡിഎഫ് മുന്നേറുകയായിരുന്നു.
പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതൽ ഓരോ ഘട്ടത്തിലും ലീഡ് ഉയർത്തിക്കൊണ്ടുള്ള ഉമാ തോമസിൻറെ കുതിപ്പ് യുഡിഎഫിനെപ്പോലും ഞെട്ടിച്ചു. ആദ്യ മൂന്ന് റൗണ്ടുകൾ എണ്ണിത്തീർന്നപ്പോൾ 2021-ൽ പി.ടി തോമസ് ഈ ഘട്ടത്തിൽ നേടിയതിന്റെ ഇരട്ടിയോടടുത്ത ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.

ആദ്യ മൂന്ന് റൗണ്ടുകളിൽ പി.ടി തോമസിന് ലഭിച്ച ലീഡ് യഥാക്രമം 1258, 1180, 693 എന്നിങ്ങനെയാണ്. ഇത് മറികടന്നുകൊണ്ട് മണ്ഡലത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്ന സൂചനയാണ് വോട്ടെണ്ണൽ നൽകുന്നത്. 2197, 2290, 1531 എന്നിങ്ങനെയാണ് ആദ്യ മൂന്ന് റൗണ്ടുകളിൽ ഉമയുടെ ലീഡ്. അതായത് ഈ ഘട്ടത്തിൽ 3131 വോട്ടുകളുടെ ലീഡ് പി.ടി നേടിയപ്പോൾ 6018 വോട്ടുകളുടെ ലീഡാണ് ഉമാ തോമസിന്. ഇത്തരത്തിലൊരു മുന്നേറ്റം യുഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല.

നിലവിലെ ട്രെൻഡ് അനുസരിച്ച് ഇനി എൽഡിഎഫിന് പ്രതീക്ഷയ്ക്ക് വകയില്ല. ഭൂരിപക്ഷം പി.ടി നേടിയതിന് മുകളിൽ പോകും എന്ന് ഉറപ്പിക്കാവുന്ന ഈ ഘട്ടത്തിൽ യുഡിഎഫ് പ്രവർത്തകർ തെരുവിൽ ആഹ്ലാദപ്രകടനം ആരംഭിച്ചിട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളജിലായിരുന്നു വോട്ടെണ്ണൽ. രാവിലെ 7.30-ന് സ്ഥാനാർഥികളുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്ത് എട്ടുമണിയോടെ വോട്ടെണ്ണൽ തുടങ്ങി.

ആദ്യം തപാൽ വോട്ടുകളാണ് എണ്ണിയത്. 10 പോസ്റ്റൽ ബാലറ്റുകൾ മാത്രമേയുള്ളൂ. കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാണ് ആദ്യം എണ്ണിയത്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാരാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.

Back to top button
error: