NEWS

പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്; കാരണങ്ങൾ അറിയാം

ട്ടോ പത്തോ മണിക്കൂര്‍ ഒന്നും കഴിക്കാതിരുന്ന ശേഷം ദിവസത്തില്‍ നാം ആദ്യം കഴിക്കുന്ന ഭക്ഷണമാണ് പ്രഭാത ഭക്ഷണം അഥവാ ബ്രേക്ക്ഫാസ്റ്റ്.ഒരു ദിവസത്തേക്ക് വേണ്ട ഒരാളുടെ ഊർജ്ജം മൊത്തം നിറയ്ക്കുന്നതും രക്തത്തിലെ ഗ്ലൂക്കോസ് സംവിധാനം ദിവസം മുഴുവനും സ്ഥായിയായി നിര്‍ത്തുന്നതും ഇതേ പ്രഭാതഭക്ഷണമാണ്.ശരീരത്തിലെ പിത്തം അഥവാ തീ ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ ഇരിക്കുന്ന സമയമായതിനാല്‍ പ്രഭാതഭക്ഷണത്തിന് ആയുര്‍വേദവും വലിയ പ്രാധാന്യം നല്‍കുന്നു.

രാത്രിയില്‍ താമസിച്ച്‌ കഴിക്കുന്നതു കൊണ്ടോ രാവിലെ വൈകി എഴുന്നേല്‍ക്കുന്നതു മൂലമോ ഭാരം കുറയ്ക്കാനോ ഒക്കെ വേണ്ടി പ്രഭാതഭക്ഷണംതന്നെ വേണ്ടെന്ന് വയ്ക്കുന്ന പലരുമുണ്ട്. ഇത് നിങ്ങളുടെ ചയാപചയ സംവിധാനത്തെ താറുമാറാക്കുകയും ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. സന്തുലിതമായ പ്രഭാതഭക്ഷണം ഇത്തരം അപകട സാധ്യതകള്‍ കുറച്ച്‌ ഒരു ദിവസത്തിന് മുഴുവന്‍ ആവശ്യമായ ഊര്‍ജ്ജം ശരീരത്തിന് പ്രദാനം ചെയ്യുന്നു.

ഇനിയും ചിലരുണ്ട്. പേരിന് എന്തെങ്കിലും പ്രഭാതഭക്ഷണമായി കഴിക്കും. ഒരു പഴമോ ഒരു ബ്രഡിന്‍റെ രണ്ട് കടിയോ ഒക്കെ കഴിച്ച്‌ രാവിലെ ജോലിക്കോ പഠനത്തിനോ ആയി ഓടുന്നവര്‍. ഇത്തരത്തില്‍ പാതി വിശപ്പടക്കി പോകുന്നത് എന്തിലെങ്കിലും ശ്രദ്ധ പുലര്‍ത്താനുള്ള കഴിവിനെ ബാധിക്കും. ആവശ്യത്തിന് കാലറിയുള്ള ഭക്ഷണം രാവിലെ കഴിക്കാതിരിക്കുന്നത് അന്നത്തെ ദിവസം മുഴുവന്‍ കാലറി കൂടുതലുള്ള അനാരോഗ്യകരമായ ഭക്ഷണം ആവശ്യമില്ലാതെ കഴിക്കാനുള്ള പ്രവണതയുണ്ടാക്കും. ഇത് ഭാരം വര്‍ധിപ്പിക്കും. രാവിലെ കൃത്യമായ ഭക്ഷണം കഴിക്കാത്തവരാണ് ഇടനേരങ്ങളില്‍ ഫാസ്റ്റ് ഫുഡൊക്കെ വാരിവലിച്ച്‌ തിന്നുകയെന്ന് പല ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നു.

ഒന്നിരിക്കാന്‍ പോലും നേരമില്ലാതെ ചപ്പാത്തിയോ ദോശയോ ഒക്കെ ചുരുട്ടി കൈയിലെടുത്ത് അതും കടിച്ചു കൊണ്ട് വണ്ടിയിലേക്ക് കയറുന്നവരുണ്ട്. വേഗത്തിലുള്ള പ്രഭാതഭക്ഷണ ശീലങ്ങളും നല്ലതല്ല. ഇരുന്ന് സമാധാനത്തോടെ ശാന്തമായിട്ട് വേണം കഴിക്കാന്‍. ഇത്തരത്തില്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും പോഷണങ്ങള്‍ ശരിയായി ശരീരം വലിച്ചെടുക്കുന്നതിന് സഹായകമാവുകയും ചെയ്യും.

പ്രഭാതഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് നല്ലതല്ല. പ്രോട്ടീന്‍ വിഘടിക്കാന്‍ ഏറെ സമയമെടുക്കുമെന്നതിനാല്‍ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് വയര്‍ നിറഞ്ഞ പ്രതീതി വളരെ നേരത്തേക്ക് ഉണ്ടാക്കും. മുട്ട, നട് ബട്ടര്‍, യോഗര്‍ട്ട്, പനീര്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്ബുഷ്ടമായ ഭക്ഷണങ്ങളാണ്. സോസേജ്, ബേക്കണ്‍ തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കാനും ശ്രമിക്കണം.

 

 

ഡയറ്റിങ്ങിന്‍റെ പേരില്‍ കാര്‍ബോഹൈഡ്രേറ്റ് തീരെയില്ലാത്ത വിഭവങ്ങള്‍ പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കുന്നവരുണ്ട്.ഇതും ആരോഗ്യപ്രദമല്ല.ആവിയിൽ പുഴുങ്ങുന്ന ഇഡലി, പുട്ട് ഇവയെല്ലാം തന്നെ മികച്ച പ്രഭാതഭക്ഷണമാണ്.അവോക്കാഡോ, നട്സ്, സീഡ്സ് എന്നിവയെല്ലാം പ്രഭാതഭക്ഷണത്തെ കൂടുതല്‍ പോഷകസമ്ബുഷ്ടമാക്കും.

Back to top button
error: