NEWS

ഓക്സിജൻ എപ്പോഴും അത്ര നല്ലതൊന്നുമല്ല !!

ക്സിജൻ എപ്പോഴും അത്ര നല്ലതൊന്നുമല്ല.നമുക്ക് ജീവനോടെയിരിക്കാൻ എന്തായാലും ഒരു നിശ്ചിത അളവിൽ ഓക്സിജൻ ആവശ്യമുണ്ടു്. പക്ഷേ, അത്രയും മതി. വല്ലാതെ അധികമാകരുത്.ഒരു ടിന്നിലോ , പ്ലാസ്റ്റിക്ക് ഉറയിലോ ഭക്ഷണപദാർത്ഥങ്ങളും , റബ്ബർ ടയറിലും  ,ഇലക്ട്രിക്ക് ബൾബിലും വായുവും ശേഖരിച്ചുവെക്കുമ്പോൾ അതിൽ നിന്നും പരമാവധി ഓക്സിജൻ ഒഴിവാക്കുന്നതാണ് നല്ലത്.കാരണം അവസരം കിട്ടിയാൽ എത്രയും പെട്ടെന്ന് ഏതെങ്കിലും രാസപ്രവർത്തനത്തിൽ പങ്കെടുക്കാൻ ആവേശം കാണിക്കുന്ന മൂലകങ്ങളിൽ  മുൻപന്തിയിൽ നിൽക്കുന്ന ഒരു കക്ഷിയാണ് ഓക്സിജൻ.ആവശ്യമായ താപനിലയോ , ഉപരിതലസമ്പർക്കമോ ഇല്ലാതെ വരുമ്പോൾ മാത്രമാണു് ഓക്സിജന്റെ ഈ ബലാൽസംഗമം മറ്റു വസ്തുക്കളുടെമേൽ നടക്കാത്തത്.

മൂലകങ്ങളോ , സംയുക്തങ്ങളോ ആയി ഓക്സിജൻ ചേരുമ്പോൾ അതിനു നാം പറയുന്ന പേരാണ് ജ്വലനം അഥവാ തീപിടുത്തം. വിറകു കത്തുന്നതും , ഭക്ഷണം (ഗ്ലൂക്കോസ്) കോശങ്ങളിൽ വെച്ച് വിഘടിച്ച് ഊർജ്ജവും , കാർബൺ ഡയോക്സൈഡും ജലവുമായി മാറുന്നതും , കാർ എഞ്ചിനിൽ ഡീസൽ എരിയുന്നതും , ഇരുമ്പ് തുരുമ്പു പിടിക്കുന്നതും , ഇടിമിന്നൽ കണ്ണഞ്ചിക്കുന്ന വെളിച്ചം ചൊരിയുന്നതും , ആസിഡ് മഴ ഉണ്ടാവുന്നതും , പാറ പൊടിയുന്നതും എല്ലാം ജ്വലനം തന്നെയാണ്.
വൃത്തിയായി പാക്കുചെയ്തുവെച്ച പാക്കറ്റിനുള്ളിൽ ഓക്സിജനും കൂടിയുണ്ടെങ്കിൽ ആ പൊട്ടാറ്റോ ചിപ്സ് കണ്ടാൽ ഓക്സിജനു സഹിക്കൂലാ. അതു ചിപ്സിലെ അന്നജമോ , പ്രോട്ടീനുകളോ എണ്ണയോ തമ്മിൽ ഉടൻ ബന്ധത്തിലേർപ്പെടും.തത്ഫലമായി കേടായ, ചവർപ്പുള്ള ചിപ്സ് ലഭിക്കും.
മീൻ സൂക്ഷിച്ച ടിന്നിലാണെങ്കിൽ, അതിലെ ഓക്സിജൻ ബാക്ടീരിയകളുടെ കൂടെ ചേർന്നു സാവധാനം ആ മീൻ തിന്നുതീർക്കാൻ ശ്രമിക്കും. അങ്ങനെ മീൻ ചീഞ്ഞുപോവും.
ടയറിനുള്ളിലെ റ്റ്യൂബിന്റെ അകംഭിത്തികളിലുള്ള റബ്ബറിൽ അതിസൂക്ഷ്മങ്ങളായ ദ്വാരങ്ങൾ പണിയും. അല്ലെങ്കിൽ, ആ ഭിത്തികളിലുള്ള അതിസൂക്ഷ്മസുഷിരങ്ങളിലൂടെ ഓക്സിജന്റെ താരതമ്യേന മെലിഞ്ഞ തന്മാത്രകൾ നുഴഞ്ഞുകയറി വളരെ സാവധാനം പുറത്തു ചാടും.
നൈട്രജൻ പക്ഷേ ഓക്സിജനെ പോലെയല്ല.മിക്കവാറും ഒരു നിർഗ്ഗുണ പരബ്രഹ്മമാണ് അതിഭയങ്കര ചൂടും , മർദ്ദവുമൊന്നുമില്ലെങ്കിൽ നൈട്രജനു് മറ്റു രാസവസ്തുക്കളുമായി ചുറ്റിക്കളിക്കു തീരെ താല്പര്യമില്ല.അതിനാൽ, സാധനങ്ങൾ കൂടുതൽ കാലം കേടു കൂടാതിരിക്കാൻ നൈട്രജൻ ഉപയോഗിക്കുന്നു.
⚡1. ചിപ്സ് പാക്കറ്റിൽനിന്നും (78% നൈട്രജൻ + 21%) സാധാ വായു ഒഴിവാക്കി 100% നൈട്രജൻ നിറയ്ക്കുന്നു
⚡2. ട്യൂണാ (ചൂര മീൻ) സാൻഡ്‌വിച്ച് നൈട്രജൻ സമേതം ടിന്നിൽ അടച്ചു് സൂക്ഷിക്കുന്നു.
 അടച്ചുസൂക്ഷിച്ചില്ലെങ്കിൽ ഓക്സിജനെപ്പോലെത്തന്നെ വായുവിൽ നിന്നും ഈർപ്പം, കൂടാതെ ബാൿടീരിയ, യീസ്റ്റ്, ഫംഗസ് തുടങ്ങിയവയും ഭക്ഷണപദാർത്ഥങ്ങളെ എളുപ്പത്തിൽ ദ്രവിച്ചുനശിപ്പിക്കും.ടിൻ അടയ്ക്കുന്ന സമയത്ത് അതിനുള്ളിൽ അകപ്പെട്ടുപോകാവുന്ന സ്വല്പം ഓക്സിജൻ പോലും ഒഴിവാക്കാനാണ് നൈട്രജൻ മാത്രമടങ്ങിയ ഒരു ചേമ്പറിൽ വെച്ച് പാക്കിങ്ങ് നടത്തുന്നത്.
⚡3. ഇലൿട്രിൿ ബൾബിനുള്ളിൽ ഫിലമെന്റ് ചൂടാവുമ്പോൾ ഒപ്പം ഓക്സിജനുമുണ്ടെങ്കിൽ അതു് പെട്ടെന്നോ സാവധാനത്തിലോ കത്തിപ്പോവും (അഥവാ ദ്രവിക്കും). അതുകൊണ്ടു് ബൾബുണ്ടാക്കുമ്പോൾ കഴിയുന്നത്ര വായു അതിൽ നിന്നും വലിച്ചെടുത്തു പുറത്തുകളയണം.
 എന്നാൽ ഒരു പരിധിയിൽ കവിഞ്ഞു് ശൂന്യാവസ്ഥ (vacuum)  നിർമ്മിക്കുന്നതിനു് സാങ്കേതികമായി അൽപ്പം അദ്ധ്വാനം കൂടുതൽ വേണം. അതിനു പകരം ബൾബിൽ വേണമെങ്കിൽ നൈട്രജൻ വാതകം നിറയ്ക്കാം. പക്ഷേ അത്രയും ഉയർന്ന താപനിലയിൽ നൈട്രജനുപോലും മനമിളകിയെന്നിരിക്കും. നൈട്രജനും , ഓക്സിജനും കഴിഞ്ഞാൽ അന്തരീക്ഷത്തിൽ പിന്നെ സുലഭമായിക്കാണാവുന്ന (എന്നുവെച്ചാൽ 0.934%) ആർഗോൺ അതിനേക്കാളുമൊക്കെ അലസകഠോരചിത്തനാണു് (inert gas). അതിനാൽ സാധാരണബൾബിലും മറ്റും ആർഗോണാണു് നിറയ്ക്കുക.
⚡4. ടയറിനുള്ളിൽ നൈട്രജൻ നിറയ്ക്കുക. ഓക്സിജൻ ഇല്ലാത്തതുകൊണ്ടു് ട്യൂബിലെ റബ്ബർ ഭിത്തിയിൽ രാസമാറ്റങ്ങളൊന്നും ഉണ്ടാവില്ല.
⚡5. ഇരുമ്പ് ജനലഴികളോ , ഗേറ്റുകളോ ഒക്കെയുണ്ടെങ്കിൽ പെയിന്റടിക്കുക. അല്ലെങ്കിൽ ഗാൽവനൈസ് ചെയ്യുക. തിളച്ചുരുക്കിയ നാകത്തിൽ ഇരുമ്പ് മുക്കിയെടുക്കുന്നതിനാണു് ഗാൽ‌വനൈസിങ്ങ് എന്നു പറയുന്നതു്. ചെമ്പാണെങ്കിൽ വെളുത്തീയം (tin) പൂശുക.
⚡6. ഫോസ്ഫറസ് ഉണ്ടെങ്കിൽ വെള്ളത്തിൽ മുക്കിവെക്കുക. വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ ഓക്സിജൻ ഇല്ലാത്തതുകൊണ്ട് ഫോസ്ഫറസ് പുകയുകയോ കത്തുകയോ ഇല്ല.
⚡7.അത്താഴത്തിനു ചോറുബാക്കിവന്നാൽ വെറുതെ മൂടിവെക്കുന്നതിനുപകരം വെള്ളത്തിലിട്ടുവെക്കാം . ഓക്സിജൻ ലഭിക്കാത്തതിനാൽ ബാൿടീരിയകൾക്കു് സുഗമമായി ഡ്യൂട്ടി ചെയ്യാനാവില്ല. അഞ്ചോ പത്തോ മണിക്കൂർ കൂടി അതു് വലിയ കേടില്ലാതെ ഇരുന്നോളും. പക്ഷേ, വായുവിലെ ഓക്സിജനില്ലാതെയും ജീവിക്കാനും പെരുകാനും പറ്റുന്ന മറ്റു ബാൿടീരിയകളുണ്ടു്. കുറച്ചുകഴിയുമ്പോൾ അവയുടെ മേളം മുറുകും. അങ്ങനെ ക്രമേണ ചോറ് പുളിച്ചോ വളിച്ചോ മൃതകോമളമായിപ്പോവും.
⚡8. ഓക്സിജൻ കടന്നുകയറാതിരിക്കാനുള്ള മറ്റൊരു രാസവിദ്യയാണ് വസ്തുക്കളെ ഒരു അസിഡിൿ മാദ്ധ്യമത്തിൽ (പുളിയോ ഉപ്പോ ഉള്ള പദാർത്ഥങ്ങൾക്കുള്ളിൽ) സൂക്ഷിക്കുക എന്നത്. അതുകൊണ്ടാണു് നാം ചാളയും , ചെമ്മീനും , ഇറച്ചിയും  ,മാങ്ങയും , നാരങ്ങയുമെല്ലാം ഉപ്പിട്ടുണക്കി സൂക്ഷിക്കുന്നതു്. കുമ്പളങ്ങയും മറ്റും പഞ്ചസാരയിലിട്ടും , മീനും പച്ചക്കറികളും അച്ചാറായിട്ടും സൂക്ഷിക്കുന്നതു്.അമ്ലത കൂടിയിരുന്നാൽ (pH കുറഞ്ഞിരുന്നാൽ) സൂക്ഷ്മാണുക്കൾക്കു് ജീവിക്കാൻ പറ്റില്ല.
⚡9. എണ്ണക്കിണറുകളിൽ എണ്ണയെല്ലാം വറ്റിക്കഴിയുമ്പോൾ വശങ്ങളിലെല്ലാം പറ്റിപ്പിടിച്ച് ഏറ്റവും ഒടുവിൽ കുറച്ചു് ബാക്കിവരും. അതുകൂടി വലിച്ചെടുത്താൽ അത്രയും ലാഭം. ഇങ്ങനെ ചെയ്യാൻ കടൽവെള്ളം ധാരാളമായി അതിലേക്കു് പമ്പ് ചെയ്യും. ആ വെള്ളത്തിൽ എണ്ണ പൊങ്ങിവരും. (Bottle wash oil mining). പക്ഷേ ഇങ്ങനെ വെള്ളം നേരേ കടലിൽ നിന്നെടുത്തു പമ്പു ചെയ്യാൻ പറ്റില്ല. അതിൽ നിന്നും ഓക്സിജൻ ഏതാണ്ടു് പരിപൂർണ്ണമായിത്തന്നെ നീക്കം ചെയ്യും.
ഇത്രയും പറഞ്ഞതു് ഓക്സിജൻ എന്ന ദ്രോഹിയെപ്പറ്റിയാണ്.എന്നാൽ നമുക്കു് ജീവിച്ചിരിക്കാൻ ഓക്സിജൻ ആവശ്യമുണ്ട്. എന്തെങ്കിലും വസ്തു കത്തിക്കാനും ഓക്സിജൻ അത്യാവശ്യം തന്നെ. പക്ഷേ അളവിൽ കൂടുതലായാൽ, അതു് അടുക്കളയിലായാലും , കാട്ടിലായാലും അഗ്നികൊണ്ടുള്ള അക്രമങ്ങൾ കാട്ടിത്തുടങ്ങും. ഉദാഹരണത്തിനു് വായുവിലെ ഓക്സിജൻ 20നുപകരം 30% ആയിരുന്നുവെങ്കിൽ നമ്മുടെ കാടുകളെല്ലാം ഒരൊറ്റ തീപ്പൊരികൊണ്ടു് നിന്നനില്പിൽ കത്തിയമർന്നേനെ! രക്തത്തിൽ പോലും ഓക്സിജന്റെ അളവ് വല്ലാതെ കൂടിയാലും , കുറഞ്ഞാലും പ്രശ്നം തന്നെ.

Back to top button
error: