തൃശൂരിലെ പ്രമുഖകോണ്‍ഗ്രസ് നേതാവ് വിജയ് ഹരി പാർട്ടി വിട്ടു, പാർട്ടി വിട്ടത് നേതാക്കളുടെ പാര സഹിക്കാൻ കഴിയാഞ്ഞിട്ടെന്ന്

കോണ്‍ഗ്രസ് വിട്ടത് നേതാക്കളുടെ പാര സഹിക്കാൻ കഴിയാഞ്ഞിട്ടെന്ന് വിജയ് ഹരി. തനിക്കെതിരെ എതിരാളികൾ പോലും നടത്താത്ത പ്രചരണം കോൺഗ്രസ് നേതാക്കൾ നടത്തിയെന്നും പരസ്പരം പോരടിച്ച് കോൺഗ്രസ് തകരുകയാണെന്നും വിജയ് ഹരി ആരോപിച്ചു. കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേരുകയാണെന്ന് എറണാകുളത്ത് വെച്ചാണ് വിജയ് ഹരി പൊതുവേദിയിൽ പ്രഖ്യാപിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിജയ് ഹരിയെ പതാക കൈമാറി സ്വീകരിച്ചു.

തൃശൂരിൽ വാർത്താസമ്മേളനം നടത്തിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ വിജയ് ഹരി ആരോപണമുന്നയിച്ചത്. 35 വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയില്‍ നിന്ന് നിരവധി സ്ഥാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മണലൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോൾ അത് പണം കൊടുത്ത് വാങ്ങിയതാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറഞ്ഞത് വിഷമമുണ്ടാക്കി. തനിക്ക് മാത്രമല്ല മറ്റു ചില സ്ഥാനാര്‍ഥികള്‍ക്കും ഇത്തരത്തില്‍ അനുഭവങ്ങളുണ്ടായിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളതുപോലുള്ള പരസ്പരം പോരടിക്കുന്ന നേതാക്കള്‍ വേറൊരു പ്രസ്ഥാനത്തിലുമുണ്ടാകില്ല. പൊതുപ്രവർത്തനം തുടരുന്നതിന് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടുന്ന പാർട്ടിയെന്ന നിലയിൽ മുന്നിലുള്ളത് സി.പി.എം ആയതിനാലാണ് സി.പി.എമ്മിനൊപ്പം സഹകരിക്കുന്നതെന്നും വിജയ് ഹരി പറഞ്ഞു.
തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറിയും കെ.പി.സി.സി വിചാർ വിഭാഗ്, കർഷക കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന നേതാവുമായിരുന്നു വിജയ് ഹരി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version