അഞ്ചലിൽ വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു, പ്രേരണക്കുറ്റത്തിന് ഭര്‍ത്താവിനെ അറസ്റ്റുചെയ്തു

കൊല്ലം: അഞ്ചൽ അയിലറയില്‍ വീട്ടമ്മ തീകൊളുത്തി ആത്മഹത്യചെയ്തു. അയിലറ കൈവല്യത്തില്‍ സംഗീത(42)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഹരികുമാറിനെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ഏരൂര്‍ പോലീസ് അറസ്റ്റുചെയ്തു.

രണ്ടുവര്‍ഷമായി സംഗീതയും ഹരികുമാറും കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് കുടുംബകോടതിയില്‍ കേസ് നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഹരികുമാര്‍ സംഗീതയുമായി വഴക്കിടുകയും ഇതില്‍ മനംനൊന്ത് സംഗീത മണ്ണെണ്ണ ദേഹത്തൊഴിച്ച് വീടിനു പുറത്തിറങ്ങി തീകൊളുത്തുകയുമായിരുന്നു.

നിലവിളി കേട്ടെത്തിയ അയല്‍ക്കാരും ഹരികുമാറും ചേര്‍ന്നാണ് സംഗീതയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെ മരിച്ചു.
മകന്‍: കാര്‍ത്തിക്.
ഏരൂര്‍ എസ്.എച്ച്.ഒ. എം.ജി.വിനോദ്, എസ്.ഐ. ശരലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് സംഘം അയിലറയിലെ വീട്ടിലെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു..

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version