NEWSWorld

‘ഓഫിസില്‍ തിരിച്ചെത്തുക, അല്ലെങ്കില്‍ പുറത്തുപോവുക’; വര്‍ക് ഫ്രം ഹോമിനോട് നോ പറഞ്ഞ് മസ്‌ക്

ടെക്‌സസ്: ‘ടെസ്‌ല കമ്പനിയിൽ ജോലി ചെയ്യുന്നവർ ഓഫിസിലേക്ക് തിരിച്ചെത്തുക, അല്ലെങ്കിൽ കമ്പനി വിട്ടുപോവുക’- സ്ഥാപകൻ ഇലോൺ മസ്‌ക് അയച്ച ഓഫിസ് ഇമെയിലിലെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഹാജരായില്ലെങ്കിൽ രാജിവച്ചതായി കണക്കാക്കുമെന്നും ഇമെയിലിൽ പറയുന്നു. വാർത്തയായെങ്കിലും ഇതേക്കുറിച്ച് ടെസ്‌ല പ്രതികരിച്ചിട്ടില്ല.

ടെക്സസിലെ ഓസ്റ്റിനിലേക്ക് ടെസ്‍‌ല ഹെഡ്‌ക്വാർട്ടേഴ്സ് മാറ്റിയിരുന്നു. എങ്കിലും ഒരു ഫാക്ടറിയും എൻജിനീയറിങ് ബേസും സാൻഫ്രാൻസിസ്കോയിൽ നിലനിർത്തിയിരുന്നു. ‘പല കമ്പനികൾക്കു ഇതാവശ്യമില്ലായിരുന്നു. എന്നാൽ എന്നാണ് അവരൊരു ഉൽപ്പന്നം അവസാനമായി പുറത്തിറക്കിയത്? കുറച്ചുനാളായി… ഭൂമിയിലുള്ള മറ്റേതൊരു കമ്പനിയെക്കാളും മികച്ച ഉൽപ്പന്നങ്ങൾ ടെസ്‌ല പുറത്തിറക്കും. ഫോണ്‍ ചെയ്താൽ അതു നടക്കില്ല’ – മസ്ക് മെയിലിൽ പറഞ്ഞു.

‘ഏറ്റവും കുറഞ്ഞത് ആഴ്ചയിൽ 40 മണിക്കൂറെങ്കിലും ഓഫിസിൽ ഹാജരാവണം. അല്ലാത്തപക്ഷം ജോലിയിൽനിന്ന് ഒഴിയണം’-മസ്‌ക് വ്യക്തമാക്കി.

അതേസമയം, മസ്‌കിന്റെ മെയിലിനോട് ടെസ്‌ല ഉദ്യോഗസ്ഥർ ആരും പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. വാർത്ത ശരിയാണെങ്കിൽ, റിട്ടേൺ ടു ഓഫിസ്‌ പദ്ധതിക്ക് തുടക്കമിടുന്ന വലിയ കമ്പനികളിൽ ആദ്യത്തെ ഒന്നാണ് ടെസ്‌ല. ട്വിറ്റർ, ആൽഫബെറ്റ് ഉൾപ്പെടെ പല ബഹുരാഷ്ട്ര കമ്പനികളും വർക് ഫ്രം ഹോമിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ ആ നയത്തോട് എതിരുനിൽക്കുന്ന നിലപാടാണ് മസ്‌ക് സ്വീകരിച്ചത്.

Back to top button
error: