മുല്ലപ്പെരിയാറിൽ നിന്ന് കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുടങ്ങി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുങ്ങി. കാലവർഷം തുടങ്ങുന്നതിന് മുൻപ് തന്നെ 132 അടിക്കു മുകളിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ട് ഇന്ന് തുറക്കും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ആവശ്യത്തിന് വെള്ളമുള്ളതിനാലാണ് മഴ ശക്തിപ്പെടുന്നതിനു മുൻപേ ഷട്ടർ തുറന്ന് ജലം കൊണ്ടു പോകാൻ തുടങ്ങിയത്.

സെക്കന്റിൽ 300 ഘനയടി വെള്ളം വീതമാണ് തുറന്നു വിട്ടിരിക്കുന്നത്. ഇതിൽ 200 ഘനയടി കൃഷിയ്ക്കും 100 ഘനയടി ശുദ്ധജല വിതരണത്തിനും ഉപയോഗിക്കും. 120 ദിവസത്തേക്കാണ് വെള്ളം തുറന്നു വിടുക. തേനി ജില്ലയിലെ ലോവർക്യാമ്പ് മുതൽ പിസി പെട്ടി വരെയുള്ള 14707 ഏക്കർ പാടശേഖരത്തിലെ നെൽകൃഷിക്കാണ് ഈ വെള്ളം ഉപകരിക്കുക. പതിവു പൂജകൾക്ക് ശേഷമാണ് തമിഴ്നാട് സഹകരണ വകുപ്പ് മന്ത്രി ഐ. പെരിയസ്വാമിയാണ് തേക്കടി ചെക്പോസ്റ്റിന് സമീപമുള്ള ഷട്ടർ ഔദ്യോഗികമായി തുറന്നത്.

ഏപ്രിൽ മെയ് മാസത്തിലെ മഴമൂലം തമിഴിനാട്ടിലെ വൈഗ ഉൾപ്പെടെയുള്ള അണക്കെട്ടുകൾ ജലസമൃദ്ധമായതിനാൽ വേനൽകാലത്ത് മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടുപോയിരുന്നില്ല. 62 അടിക്കു മുകളിലാണ് വൈഗ അണക്കെട്ടിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിലേക്ക് സെക്കൻഡിൽ 240 ഘനയടിയോളം വെള്ളമാണ് ഒഴുകിയെത്തുന്നത്. നീരൊഴുക്ക് കൂടുന്നതോടെ തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവും വർധിപ്പിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version