രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം; സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് വൈകിട്ട് സമാപനം. സംസ്ഥാനതല സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ഒരു വർഷത്തെ സ‍ർക്കാരിന്‍റെ പ്രവ‍ർത്തനങ്ങളുടെ രത്ന ചുരുക്കമാകും പ്രോഗ്രസ് റിപ്പോർട്ട്.

അതേസമയം രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടന്നുവരുന്ന എന്റെ കേരളം മെഗാപ്രദർശന വിപണനമേളയും ഇന്ന് അവസാനിക്കും. മെയ് 27നാണ് മേള ആരംഭിച്ചത്. പ്രശസ്തരമായ കലാകാരൻമാർ നയിക്കുന്ന സാംസ്കാരി കലാപരിപാടികളടക്കം നിരവധി പരിപാടികളാണ് മേളയുടെ ഭാഗമായി കനകക്കുന്നിൽ അരങ്ങേറുന്നത്.

ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം 2022 മെയ് 27ന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് നിർവ്വഹിച്ചത്. ഊരാളി ബാൻഡിന്റെ മ്യൂസിക്കൽ ഷോ, ശാസ്താംകോട്ട കനൽ ബാൻഡിന്റെ നാടൻ പാട്ടുമേളം, പേരാമ്പ്ര മാതായുടെ നൃത്ത പരിപാടി, പ്രശസ്ത സൂഫി സംഗീതജ്ഞൻ സമീർ ബിൻസിയുടെ സൂഫി സംഗീതം തുടങ്ങി നിരവധി പരിപാടികളാണ് കനകക്കുന്നിൽ അരങ്ങേറിയത്. ശീതീകരിച്ച 250 ഓളം സ്റ്റാളുകൾ, കലാസാംസ്കാരിക പരിപാടികൾ, നവീന സാങ്കേതിക വിദ്യകളുടെ പ്രദർശനം,എന്റെ കേരളം ഐ-പിആർഡി, കേരളത്തെ അറിയം – ടൂറിസം പ്രദർശനം, കാർഷിക വിപണന – പ്രദർശനമേള, നിരവധി രുചി വിഭവങ്ങളുമായി ഫുഡ്കോർട്ട് എന്നിവയും മേളയുടെ ഭാഗമാണ്. രാവിലെ 10 മുതൽ രാത്രി 10വരെയാണ് പ്രവേശനം. ഇന്ന് രാത്രി വരെയുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version